തനിയെ ബസ് കയറിപ്പോയ അഞ്ചുവയസ്സുകാരനെ തേടിയലഞ്ഞ് അമ്മൂമ്മ. നാല്‍പത് മിനിറ്റോളം കുട്ടിയെ കാണാതെ വിഷമിച്ച വീട്ടുകാരെ തുണച്ചത് ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടല്‍. ചെന്നൈ താംബരം ഈസ്റ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. കുട്ടിയെ കണ്ട് സംശയം തോന്നി എം.ടി.സി (മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ജീവനക്കാരായ രണ്ടുപേര്‍ കുട്ടിയെ സമീപിച്ചു. ഇതോടെയാണ് സംഭവം അറിയുന്നത്.
റൂട്ട് നമ്പര്‍ 31ജി എന്ന എം.ടി.സി ബസിലാണ് കുട്ടി ഒറ്റയ്ക്ക് കയറിയത്. കൂടെ ആരും ഇല്ലെന്നത് കണ്ടക്ടറുടെ ശ്രദ്ധയില്‍പെട്ടു. ഇക്കാര്യം ഡ്രൈവറെയും അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ഉറ്റവരുടെ കയ്യിലെത്തിക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു. ഡ്രൈവര്‍ ബന്ധപ്പെട്ട അധികൃതരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തടക്കം നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ അമ്മൂമ്മയെ കണ്ടെത്തി. കുട്ടിയെ കാണാതായ വിഷമത്തില്‍ അവര്‍ തേടിയലഞ്ഞു നടക്കുകയായിരുന്നു.
പിന്നാലെ ബസ് താംബരം ക്യാംപ് റോഡില്‍ നിര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇവിടെ നിന്ന് കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് മാതാപിതാക്കളും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. കൃത്യമായ ഇടപെടല്‍ നടത്തിയ ബസ് ഡ്രൈവര്‍ വീരമണി, കണ്ടക്ടര്‍ ഭൂപതി എന്നിവര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.
സംഭവത്തിന്‍റെ വിഡിയോ അടക്കം എം.ടി.സി ചെന്നൈ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. കുട്ടിയെ മാതാപിതാക്കളെത്തി ബസില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നതും ബസ് ഡ്രൈവര്‍ വീരമണിയും കണ്ടക്ടര്‍ ഭൂപതിയും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ചേര്‍ത്തുവച്ചുള്ളതാണ് വിഡിയോ.