മുംബൈയിലെ ഫ്ലാറ്റില്‍വച്ച് നടന്‍ സെയ്‌ഫ് അലി ഖാനെ കുത്തിയ കേസില്‍ അക്രമി ഗുജറാത്തിലേക്ക് കടന്നെന്ന് സംശയം. പ്രതി പലതവണ വേഷം മാറി ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍ വഴി രക്ഷപ്പെട്ടെന്നാണ് സൂചന. അതേസമയം, അക്രമിയെ ഒറ്റയ്ക്കാണ് സെയ്‌ഫ് അലി ഖാന്‍ നേരിട്ടതെന്നും വീട്ടില്‍ മോഷണം നടന്നിട്ടില്ലെന്നും ഭാര്യ കരീന കപൂര്‍ പൊലീസിന് മൊഴി നല്‍കി.
ബാന്ദ്രയിലെ നടന്‍റെ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി പലതവണ വേഷം മാറി. ദാദറിലെ മൊബൈല്‍ കടയില്‍ നിന്ന് ഹെഡ്ഫോണ്‍ വാങ്ങി. പിന്നീട് ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറി വീരാര്‍ ഭാഗത്തേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി ഇവിടെ നിന്ന് ഗുജറാത്തിലേക്ക് കടന്നുവെന്നാണ് സംശയം. പൊലീസിന്‍റെ ഒരുസംഘം ഗുജറാത്തിലേക്ക് തിരിച്ചു. പ്രതിയുടെ രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇയാള്‍ സ്ഥിരം കുറ്റവാളി ആണ് എന്ന നിഗമനത്തിലാണ് പൊലീസ്. 35 സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. രണ്ട് ദിവസമായിട്ടും ഒരു സെലിബ്രിറ്റിയെ കുത്തി പരുക്കേല്‍പ്പിച്ച പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനെ വലിയ പ്രതിരോധത്തിലാക്കി. അതിനിടെ ഫ്ലാറ്റില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് നടന്‍റെ ഭാര്യ കരീന കപൂര്‍ നല്‍കിയ മൊഴി പുറത്തുവന്നു. കുട്ടിയെ ആക്രമിക്കാനാണ് അതിക്രമിച്ച് കടന്നയാള്‍ ശ്രമിച്ചത്. കുട്ടിയെയും ഇവരുടെ ആയയെയും പന്ത്രണ്ടാം നിലയിലേക്ക് മാറ്റി സെയ്ഫ് അലി ഖാന്‍ ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു. അക്രമി ഫ്ലാറ്റില്‍ മോഷണമൊന്നും നടത്തിയിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. നടനെ രാത്രിയില്‍ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഭജന്‍ സിങ് റാണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഓട്ടോയില്‍ കയറിയപ്പോള്‍ നടനാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും നടനെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നും ഭജന്‍ സിങ് പ്രതികരിച്ചു.