പാലക്കാട്ടെ കഞ്ചിക്കോട്ട് ബ്രൂവറി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ഒയാസിസ് ഗ്രൂപ്പ് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സ്ഥാപനം. കമ്പനി ഡയറക്ടര്‍ ഗൗതം മല്‍ഹോത്രയെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബില്‍ പരിസ്ഥിതി മലിനീകരണം കാരണം ഒയാസിസ് ഫാക്റ്ററി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

പഞ്ചാബ് മുന്‍ എം.എല്‍.എയും ശിരോമണി അകാലിദള്‍ നേതാവുമായ ദീപ് മല്‍ഹോത്രയുടെ ഉടമസ്ഥതയിലുള്ള മദ്യനിര്‍മാണ, വിപണന സ്ഥാപനമാണ് ഒയാസിസ് ഗ്രൂപ്.ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ദീപ് മല്‍ഹോത്രയുടെ മകനും ഒയാസിസ് ഗ്രൂപ്പ് ഡയരക്ടറുമായ ഗൗതം മല്‍ഹോത്രയും ഉള്‍പ്പെട്ടിരുന്നു.

2023 ഫെബ്രുവരിയില്‍ ഇ.ഡി. ഇയാളെ അറസ്റ്റ് ചെയ്തു.എ.എ.പി നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് ഗൗതം മല്‍ഹോത്രയെ കേസുമായി ബന്ധിപ്പിച്ചത്. ഉടമകളുടെ വസതികളിലും സ്ഥാപനങ്ങളിലും പലതവണ ഇ.ഡി, ആദായനികുതി വകുപ്പ് റെയ്ഡും നടന്നിട്ടുണ്ട്. ഇക്കാര്യമാണ് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയതും.

ഇതിന് മുന്‍പും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഒയാസിസ് ഗ്രൂപ്പ്.  പഞ്ചാബിലെ ഫിറോസ്പുരില്‍ 2022 ല്‍ ഒയാസിസ് ഗ്രൂപ്പിന്‍റെ ഭാഗമായ മാള്‍ബ്രോ ഇന്‍റര്‍നാഷണല്‍ സ്ഥാപിച്ച മദ്യനിര്‍മാണ പ്ലാന്‍റ് എല്ലാ നിയമങ്ങളും ലംഘിച്ച് മാലിന്യ നിക്ഷേപം നടത്തി. പ്ലാന്‍റിന്‍റെ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ഭൂഗര്‍ഭജലംപോലും ഉപയോഗയോഗ്യമല്ലാതായെന്ന് മലിനീകരണനിയന്ത്രണ ബോര്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തി. ജനകീയ പ്രതിഷേധം ശക്തമായതോടെ 2023 ല്‍ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ENGLISH SUMMARY:

Oasis to build Brewery in Kanchikot; Company director accused in liquor corruption case