എഎപിയുടെ അൺബ്രേക്കബിൾ ഡോക്യുമെൻററിയെ ചൊല്ലിയുള്ള കൊമ്പു കോർക്കലിലേക്ക് തിരിഞ്ഞ് ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണം. പ്രദർശനം വിലക്കിയ ഡോക്യുമെൻററി വിദേശത്തുള്ള യൂട്യൂബർ ധ്രുവ് റാഠി പുറത്തുവിട്ടു. സത്യം എല്ലാവരും അറിയണമെന്നും ഡോക്യുമെന്‍ററി കാണുകയും പങ്കുവയ്ക്കുകയും ചെയ്യണമെന്നും കെജ്രിവാൾ പ്രതികരിച്ചു. കെജ്രിവാൾ ഇരവാദം കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുൻ മുഖ്യമന്ത്രി കെജ്രിവാളിന്‍റേയും മറ്റു നേതാക്കളുടെയും ജയിൽവാസം പറയുന്ന ഡോക്യുമെന്‍ററിയാണ് അൺബ്രേക്കബിൾ. കഴിഞ്ഞ രണ്ടു ദിവസമായി സ്ക്രീനിംഗ് സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ എ എ പി നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഡോക്യുമെൻററി വിദേശത്തുള്ള യൂട്യൂബർ ധ്രുവ് റാഠി സ്വന്തം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. കെജ്രിവാൾ അടക്കമുള്ള നേതാക്കൾ ഡോക്യുമെൻററിയുടെ ലിങ്ക് എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.
ഡൽഹിയുടെ ഭാവി നശിപ്പിച്ച യഥാർഥ വില്ലനായിരിക്കെ കെജ്രിവാൾ ഇരവാദം ഉയർത്തുന്നു എന്ന് BJP വിമർശിച്ചു. പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് മനസ്സിലാക്കിയപ്പോൾ സഹതാപത്തിനായി നാടകം കളിക്കുകയാണ്. ഡൽഹിയിലെ ജനങ്ങൾക്ക് ഇത് മനസ്സിലാകും എന്നും ബി ജെ പി മറുപടി നൽകി.
AAP യും BJP യും അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്നും വികസന വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്നും ന്യൂഡൽഹി സ്ഥാനാർഥി സന്ദീപ് ദീക്ഷിത് പറഞ്ഞു.