ഡല്‍ഹി മദ്യനയ അഴിമതിയിൽ സർക്കാൻ ഖജനാവിന് 2026 കോടിയുടെ നഷ്ടമുണ്ടായി എന്ന സി.എ.ജി റിപ്പോർട്ടിലെ വിവരത്തെ ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടൽ. അഴിമതി നടത്താൻ മന്ത്രിസഭയും ലഫ്റ്റനന്‍റ് ഗവർണറും അറിയാതെയാണ് മദ്യനയം നടപ്പിലാക്കിയത് എന്ന് ബിജെപി ആരോപിച്ചു. ആരോപണങ്ങൾ തള്ളിയ ആം ആദ്മി പാർട്ടി സി.എ.ജി റിപ്പോർട്ട് തയ്യാറാക്കിയത് ബിജെപി ഓഫീസിലാണോ എന്ന് ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ വീണ്ടും മദ്യനയ അഴിമതി ചർച്ച ചൂടുപിടിക്കുകയാണ്. ബിജെപിയാണ് ചർച്ചയ്ക്ക് തുടക്കപ്പെട്ടത്. സി.എ.ജി റിപ്പോർട്ടിന്‍റേതെന്ന പേരിൽ പുറത്തുവന്ന പേജുകൾ ഉയർത്തിയായിരുന്നു ആരോപണം. മദ്യനയ അഴിമതിയിലുടെ 2026 കോടിയുടെ നഷ്ടം ഖജനാവിന് സംഭവിച്ചെന്ന് സി.എ.ജി പറയുന്നു എന്നും മദ്യനയം നടപ്പാക്കാൻ കാബിനറ്റിന്‍റെയും ലഫ്റ്റനന്‍റ് ഗവർണറുടെയും അനുമതി വാങ്ങിയിരുന്നില്ല എന്നും ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ ആരോപിച്ചു.
ഇത്രയും നാൾ സിഎജി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ബിജെപിയും ആം ആദ്മി പാർട്ടിയും ഒത്തുകളിച്ചെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. സി.എ.ജി വിവരങ്ങൾ എവിടെ നിന്നു വന്നു എന്ന മറുചോദ്യം ഉന്നയിച്ച ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് പരാജയ ഭീതികൊണ്ട് ബിജെപി നേതാക്കളുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് പരിഹസിച്ചു. അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു നടക്കുന്ന ബിജെപിയുടെ മുഖ്യമന്ത്രി മുഖം ആരാണെന്നും, താനുമായി സംവാദത്തിന് തയ്യാറാണോ എന്നും കെജ്രിവാൾ ചോദിച്ചു.