വൈറലാകാന്‍ ആളുകള്‍ എന്തുംചെയ്യും, അതിന് പ്രായഭേദമൊന്നുമില്ല, എല്ലാ ജനറേഷനും സമാനചിന്താഗതി തന്നെ. ഇവിടെയിതാ യുട്യൂബറുടെ വാക്കും പ്രശംസയും കേട്ട് പുലിനഖത്തിന്റെ കഥപറഞ്ഞ് വനംവകുപ്പിന്റെ പിടിയിലായിരിക്കുകയാണ് ഒരു വ്യാപാരി. കോയമ്പത്തൂരിലാണ് സംഭവം.
പുലിയകുളത്തെ 54വയസുകാരനായ വ്യാപാരി എസ്. ബാലകൃഷ്ണനാണ് പുലിനഖത്തിന്റെ കഥ പറഞ്ഞ് പുലിവാല് പിടിച്ചത്. പട്ടണത്തില്‍ നിന്നെത്തിയ വ്ലോഗര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് ബാലകൃഷ്ണനെ വനംവകുപ്പ് നോട്ടപ്പുള്ളിയാക്കിയത്. താന്‍ ധരിച്ച മാലയുടെ ലോക്കറ്റ് പുലിനഖമാണെന്ന് വിഡിയോയില്‍ വച്ചങ്ങ് കാച്ചി. അതേസമയം വേട്ടയാടിയതല്ല ആന്ധ്രാപ്രദേശില്‍ നിന്നും വാങ്ങിയതാണെന്നും കക്ഷി പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മധുക്കരൈ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബാലകൃഷ്ണന്റെ വീട്ടിലെത്തി.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വനംവകുപ്പ് സംഘം വീട്ടില്‍ പരിശോധനക്കെത്തിയത്. വീട്ടില്‍ നിന്നും രണ്ട് മാന്‍കൊമ്പുകളുടെ കഷ്ണങ്ങളും കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ബാലകൃഷ്ണനെതിരെ കേസെടുത്ത് ഇന്നലെ വൈകിട്ട് വനംവകുപ്പ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുപ്പതി തിരുമല അമ്പലത്തില്‍ നിന്നും തിരിച്ചുവരുന്നതിനിടെ 1800 രൂപകൊടുത്ത് വാങ്ങിയ പുലിനഖമാണിതെന്ന് വ്യാപാരി അന്വേഷണസംഘത്തോട് പറഞ്ഞു.
വ്യാപാരി പുലിനഖമെന്ന് അവകാശപ്പെട്ടിരുന്ന മാലയുടെ ലോക്കറ്റ് അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷന് അയച്ച് ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ച് കുറ്റപത്രം സമർപ്പിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.