വിവാഹ നിശ്ചയത്തിനെത്തിയപ്പോള്‍ ചെക്കന്‍കൂട്ടര്‍ക്ക് ഒരു സംശയം, ഇത് നമ്മള്‍ കണ്ട് വാക്കുറപ്പിച്ച പെണ്‍കുട്ടി തന്നെയല്ലേ എന്ന്. ഈ സംശയം കാരണം വിവാഹം മുടങ്ങി എന്നു മാത്രമല്ല അതിനാടകീയ രംഗങ്ങളാണ് പിന്നീട് നടന്നത്. ഫോട്ടോയില്‍ കണ്ടതുപോലെയല്ല പെണ്‍കുട്ടിയെ നേരിട്ടു കാണാനെന്ന് ചെക്കന്‍ വീട്ടുകാര്‍ പറഞ്ഞതോടെ അത് വലിയ തര്‍ക്കമായി. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചെക്കന്‍റെ സഹോദരനെ പിടിച്ചുവച്ച് മീശ വടിച്ചെടുത്തു.
രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം. വിവാഹ നിശ്ചയത്തിനെത്തിയ അതിഥികളും ഈ രംഗങ്ങള്‍ കണ്ട് അന്തംവിട്ടു നിന്നു. ചെക്കന്‍റെ സഹോദരിയാണ് പെണ്‍കുട്ടിയെക്കുറിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത്. വിവാഹം വേണ്ടെന്ന് വയ്ക്കാമെന്നും സഹോദരി പറഞ്ഞു. ഇതോടെ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായി. പെണ്‍വീട്ടുകാര്‍ ചെക്കനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചു. ഇതിനിടെയാണ് ചെക്കന്‍റെ സഹോദരനെ ബലമായി പിടിച്ചുവച്ച് മീശ വടിച്ചെടുത്തത്. സംഭവം മുഴുവന്‍ ചടങ്ങിനെത്തിയവര്‍ മൊബൈലില്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തിലും പങ്കുവച്ചു.
പെണ്‍കുട്ടിയുടേത് എന്നുപറഞ്ഞ് വീട്ടുകാര്‍ നല്‍കിയ ചിത്രങ്ങള്‍ക്ക് പെണ്‍കുട്ടിയുമായി യാതൊരു സാമ്യവുമില്ല. ഇതോടെ വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ കുറച്ച് സമയം വേണം എന്നുമാത്രമാണ് പറഞ്ഞത്. വിവാഹം വേണ്ട എന്ന് തീരുമാനിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം അതൊരു ലഹളയാക്കി മാറ്റി എന്നാണ് ചെക്കന്‍റെ വീട്ടുകാരുടെ വാദം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ചടങ്ങില്‍ അപമാനിക്കപ്പെട്ടെന്നാണ് ഇവരുടെ വാദം.