കോൽക്കളിയുടെ ചുവടും താളവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കല്യാണവീടുകൾ കേന്ദ്രീകരിച്ച് കോൽക്കളി അവതരിപ്പിക്കുന്ന 50 വയസ്സ് പിന്നിട്ടവരുടെ ഒരു കൂട്ടായ്മയുണ്ട് മലപ്പുറം കാളികാവിൽ. ഇന്ന് ആ സംഘം നാട്ടിൽ വൈറലാണ്. ആമപ്പോയിൽ സ്വദേശിയായ മൊയ്തീന്റെ നേതൃത്വത്തിലുള്ള 10 പേർ അടങ്ങുന്ന സംഘമാണ് കല്യാണത്തലേന്ന് കോൽക്കളി ചുവട് വയ്ക്കുന്നത്.
45 വർഷങ്ങൾക്കു മുൻപ് അഭ്യസിച്ചതാണ്. എങ്കിലും ചുവടുകൾക്കൊന്നും ഒരു സംശയവുമില്ല. പുതിയത്ത് മൊയ്തീനാണ് നേതൃത്വം നൽകി പരിപാടി ഉഷാറാക്കുന്നത്. കൂടെ മുൻതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബാലനും സംഘവും. അരമണിക്കൂറാണ് സമയം. കൂട്ടത്തിൽ ഒരാൾ മാപ്പിളപ്പാട്ട് ഉറക്കെ പാടും. ആമപ്പൊയിൽ അങ്ങാടിയിലുള്ള റോഡ് അരികിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സംഘം ഒത്തുചേർന്ന് പരിശീലനം നടത്തും. വിവാഹത്തലേന്ന് കലാപരിപാടികൾ സജീവമായതോടെ ഈ കലാകാരന്മാർക്ക് ഡിമാൻഡ് കൂടി. സൗജന്യമായാണ് കോൽക്കളി അവതരിപ്പിക്കുക. മാപ്പിളപ്പാട്ടിന്‍റെ ഭംഗി ഒട്ടും ചോരാതെയാണ് അവതരണം. സുന്ദരമായ ഒരു കലാരൂപം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.