വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റതാണോ അതോ അഭിനയമാണോ എന്ന് സംശയമുണ്ടെന്നും നടനെ ബംഗ്ലദേശ് അക്രമി കൊണ്ടുപോയെങ്കില്‍ ഒരു മാലിന്യം നീങ്ങി കിട്ടിയേനേ എന്നും നിതേഷ് റാണെ പറഞ്ഞു. അതേസമയം റാണെയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തി.
നടന്‍ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം കെട്ടുകഥയാണെന്ന തരത്തില്‍ പ്രതികരിച്ച ശിവസേന നേതാവ് സഞ്ജയ് നിരുപമിന് പിന്നാലെയാണ് മന്ത്രി നിതേഷ് റാണെയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍. ഡാന്‍സ് ചെയ്തുകൊണ്ടാണ് നടന്‍ ആശുപത്രി വിട്ടത്. യഥാര്‍ഥത്തില്‍ കുത്തേറ്റതാണോ അതോ അഭിനയമാണോ എന്ന് സംശയമുണ്ട്. ബംഗ്ലദേശ് അതിക്രമി നടനെ കൊണ്ടുപോയെങ്കില്‍ ഒരു മാലിന്യം ഒഴിവായി കിട്ടിയേനേ. സുശാന്ത് സിങ് രജ്‍പുത്തിനെ പോലെ ഹിന്ദു നടന്‍മാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിപക്ഷത്തിന് മൗനമാണ്. എന്നാല്‍ ഇവര്‍ സെയ്ഫ് അലി ഖാനും ഷാരൂഖ് ഖാനും വേണ്ടി ഇവര്‍ ആശങ്കപ്പെടുമെന്നും റാണെ കുറ്റപ്പെടുത്തി.
റാണെയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും കേസില്‍ പൊലീസിനോട് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ പ്രതികരിച്ചു. ഇത്തരം പരാമര്‍ശം നടത്തുന്നവരെ മാനസിക രോഗത്തിന് ചികില്‍സിക്കണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം പരിഹസിച്ചു. കേരളം മിനി പാക്കിസ്ഥാനാണെന്ന നിതേഷ് റാണെയുടെ പരാമര്‍ശം നേരത്തെ വലിയ വിവാദമായിരുന്നു.