മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് രക്ഷയ്ക്കായി പുറത്തേക്ക് എടുത്തുചാടി മരണപ്പെട്ടവരുടെ എണ്ണം 13 ആയി. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെ, പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടയിലാണ് അപകടം. ലഖ്‌നൗവിനും മുംബൈയ്ക്കും ഇടയിൽ ഓടുന്ന ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസായ ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്‌പ്രസിലെ യാത്രക്കാരാണ് മരിച്ചത്.

‘ഹോട്ട് ആക്‌സിൽ’ അല്ലെങ്കിൽ 'ബ്രേക്ക്-ബൈൻഡിങ്' (ജാമിങ്) കാരണം പുഷ്പക് എക്‌സ്‌പ്രസിന്‍റെ ഒരു കോച്ചിനുള്ളിൽ തീപ്പൊരി ഉണ്ടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരാവുകയായിരുന്നു. ഇതോടെ ചിലര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് അഭ്യൂഹം പടര്‍ന്നു. ഇതോടെ യാത്രക്കാർ രക്ഷപ്പെടാനായി തൊട്ടടുത്ത ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. ഇവര്‍ക്കിടയിലേക്ക് ഇതേ ട്രാക്കിലുടെ കടന്നു പോവുകയായിരുന്ന ബെംഗളൂരു- ഡൽഹി കർണാടക എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങള്‍ പലതും ഛിന്നഭിന്നമായതായും സെന്‍ട്രല്‍ റെയില്‍വേയുടെ വക്താവ് പറഞ്ഞു.

മരിച്ച 13 പേരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ശരീരഭാഗങ്ങള്‍ ഛിന്നിച്ചിതറിയതിനാല്‍ തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അപകട സ്ഥലത്തു നിന്നുള്ള ദാരുണമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ട്രാക്കുകളിൽ മൃതദേഹങ്ങൾ കിടക്കുന്നതും രക്തം ചിന്തുന്ന ശരീരവുമായി ആളുകള്‍ രക്ഷക്കായി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായം നൽകാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. ഭൂസാവലിൽ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായുള്ള ട്രെയിനും അയച്ചിട്ടുണ്ട്.

അപകടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരുടെ ചികില്‍സയുടെ മുഴുവൻ ചിലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാർത്ഥിക്കുന്നതായും എല്ലാ സഹായവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് പ്രാദേശിക ഭരണകൂടം എല്ലാ സഹായവും നൽകുന്നുണ്ടെന്നും അമിത് ഷായും കുറിച്ചു. അതേസമയം അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നു.

ENGLISH SUMMARY:

The death toll from the train incident in Jalgaon, Maharashtra, has reached 13. Passengers on the Lucknow-Mumbai Pushpak Express jumped out in panic after fire rumors, resulting in fatalities.