വഖഫ് നിയമഭേദഗതി ബില്‍ പാവപ്പെട്ട മുസ്‌ലിംകളുടെ നന്‍മയ്ക്കെന്ന് സംയുക്ത പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ജഗദംപികാപാല്‍. സമിതിയുടെ അവസാന ഹിയറിങ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ ആരംഭിച്ചു. തിങ്കളാഴ്ച റിപ്പോര്‍ട്ടിന് അന്തിമ രൂപംനല്‍കും. 

ജമ്മു കശ്മീരില്‍നിന്നുള്ള മതപണ്ഡിതന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖിന്‍റെയും ലോയേഴ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെയും അഭിപ്രായമാണ് സംയുക്ത പാര്‍ലമെന്‍ററി സമിതി  ഇന്ന് രേഖപ്പെടുത്തുന്നത്. ഇതോടെ ഹിയറിങ് പൂര്‍ത്തിയാവും. തിങ്കളാഴ്ച സമിതി വീണ്ടും യോഗംചേര്‍ന്ന് ബില്‍ വിശദമായി വിലയിരുത്തുകയും ഇതുവരെ ശേഖരിച്ച അഭിപ്രായങ്ങള്‍ പരിഗണിച്ച് അംഗങ്ങള്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ബുധനാഴ്ചയോടെ റിപ്പോര്‍ട്ടിന് അന്തിമരൂപമാകും. വഖഫ് നിയമഭേദഗതി ബില്‍ പാസായാല്‍ പള്ളികളും സമുദായത്തിന്‍റെ മറ്റ് സ്വത്ത് വകകളും നഷ്ടപ്പെടും എന്ന് ചിലര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും വഖഫിന്‍റെ നന്‍മക്കായാണ് ബില്‍  ജെ.പി.സി. അധ്യക്ഷന്‍ ജഗദംപികാപാല്‍ പറഞ്ഞു

സംയുക്ത പാര്‍ലമെന്‍ററി സമിതി ഇതുവരെ ഡല്‍ഹിയില്‍ മാത്രം 31 സിറ്റിങ്ങുകള്‍ നടത്തി. 20 വഖഫ് ബോര്‍ഡുകളുടെയും നൂറിലേറെ സംഘടനകളുടെയും അഭിപ്രായങ്ങള്‍ തേടി. 31 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കുമെന്ന് സമിതി അധ്യക്ഷന്‍ വ്യക്തമാക്കി. ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നേരത്തെ ലോക്സഭ സ്പീക്കര്‍ നിര്‍ദേശിച്ചതെങ്കിലും പിന്നീട് സമയം നീട്ടില്‍കുകയായിരുന്നു

ENGLISH SUMMARY:

The Wakf Amendment Bill is for the welfare of impoverished Muslims, according to Jagadambika Pal, the Chairman of the Joint Parliamentary Committee.