നടന്‍ സെയ്‌ഫ് അലി ഖാന് കുത്തേറ്റ കേസില്‍ നീങ്ങാതെ ദുരൂഹത. നേരത്തെയുള്ള മൊഴികളിലെ പൊരുത്തക്കേടുകള്‍ വ്യക്തമാക്കുന്ന ആശുപത്രി രേഖകള്‍ പുറത്തുവന്നു. നടന്‍റെ വീടിന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഒന്നേ മുക്കാല്‍ മണിക്കൂര്‍ വൈകി. മകനല്ല, സുഹൃത്താണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഇപ്പോള്‍ മെഡിക്കല്‍ രേഖകളില്‍ നിന്ന് വ്യക്തമാക്കുന്നത്.
നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ നടന് എങ്ങനെ അഞ്ച് ദിവസം കൊണ്ട് ആശുപത്രി വിടാനായി. ഭരണകക്ഷി നേതാവും മന്ത്രിയും അടക്കം ഉയര്‍ത്തിയ സംശയങ്ങള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. സംഭവത്തിലെ പെരുത്തക്കേടുകള്‍ വെളിവാക്കുന്ന ബാന്ദ്ര ലീലാവതി ആശുപത്രിയിലെ മെഡിക്കല്‍ രേഖകള്‍ പുറത്തുവന്നു. ആക്രമണം നടന്നത് പുലര്‍ച്ചെ രണ്ടരയ്ക്ക്. ആശുപത്രിയില്‍ എത്തിച്ചത് പുലര്‍ച്ചെ 4.10ന്. ഫ്ലാറ്റില്‍ നിന്ന് പത്തുമിനിറ്റ് മാത്രം ദൂരമുള്ള ആശുപത്രിയില്‍ വരാന്‍ എന്തുകൊണ്ട് ഇത്രയും വൈകി? ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ എട്ടുവയസുകരനായ മകന്‍ തൈമൂറിനെയാണ് ഒപ്പം കൂട്ടിയത് എന്നായിരുന്നു ഡോക്ടര്‍മാരുടെ മൊഴി. എന്നാല്‍ കുടുംബ സുഹൃത്ത് അഫ്‍സാര്‍ സെയ്‌ദിയുടെ പേരാണ് ആശുപത്രി രേഖകളിലുള്ളത്. എന്നാല്‍ കുടുംബം വിളിച്ചത് അനുസരിച്ച് പുലര്‍ച്ചെ മൂന്നരയ്ക്ക് ശേഷമാണ് താന്‍ എത്തിയതെന്ന് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായി സെയ്‌ദി വിശദീകരിക്കുന്നു. നടന് ആറു കുത്തേറ്റു എന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കില്‍ അഞ്ച് പരുക്കുകളുടെ കാര്യം മാത്രമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ദുരൂഹതകളില്‍ പൊലീസ് തന്നെയാണ് വ്യക്തത വരുത്തേണ്ടത്. അക്രമി ഒരുകോടി രൂപ ആവശ്യപ്പെട്ട് ഭീണിപ്പെടുത്തിയെന്ന് നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞതായും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, തന്‍റെ മകനെ പൊലീസ് കുടുക്കിയതാണെന്ന് ബംഗ്ലദേശ് സ്വദേശിയായ പ്രതിയുടെ പിതാവ് ആരോപിച്ചു. സിസിടിവി ദൃശ്യവുമായി തന്‍റെ മകന്‍ മുഹമ്മദ് ഷെരീഫുളിന് സാമ്യമില്ലെന്നും പിതാവ് അമിന്‍ ഫക്കിര്‍ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.