മുന്‍ ബോളിവുഡ് താരം മമ്ത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു. പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ വച്ചാണ് താരം ആത്മീയതയുടെ പാത തിരഞ്ഞെടുത്തത്. ഇനിമുതല്‍ 'മാ മംമ്ത നന്ദഗിരി' എന്ന് അറിയപ്പെടും. 90 കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച താരമാണ് മമത കുല്‍ക്കര്‍ണി. ഗ്ലാമര്‍ വേഷങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ താരം റിയല്‍ ലൈഫില്‍ കാഷായവേഷത്തിലേക്ക് മാറിയിരിക്കുകയാണ്. കുംഭമേളയുടെ ഭാഗമായ13 സന്യാസി മഠങ്ങളില്‍ ഒന്നായ കിന്നര്‍ അഘാഡയിലൂടെയാണ് സന്യാസം സ്വീകരിച്ചത്. ത്രിവേണി സംഗമത്തില്‍ മുങ്ങിയശേഷം ആചാരപരമായ ചടങ്ങുകളോടെയായിരുന്നു ദീക്ഷ സ്വീകരിക്കല്‍.
1991 ല്‍ സിനിമയിലെത്തിയ മമ്ത കുല്‍ക്കര്‍ണിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സല്‍മാന്‍ ഖാന്‍ നായകനായ കര്‍ണ്‍ അര്‍ജുന്‍ ആണ്. 1999 ല്‍ മലയാളത്തിലും മുഖം കാണിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായ 'ചന്ദാമാമ' എന്ന ചിത്രത്തിലൂടെ. 2003 ല്‍ സിനിമ വിട്ടെങ്കിലും ലഹരിമരുന്ന് കേസിലടക്കം പ്രതിചേര്‍ക്കപ്പെട്ട് വിവാദത്തിലായി. ഒടുവില്‍ ഗ്ലാമര്‍ ലോകത്തോട് വിടപറഞ്ഞ് ആത്മീയ പാതയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം. സന്യാസം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് മമ്ത ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. പ്രയാഗ്രാജിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.
1996ലാണ് താന്‍ ആത്മീയ പാതയിലേക്ക് അടുത്തതെന്നും ഗുരു ഗഗന്‍ ഗിരി മഹാരാജാണ് തന്നെ ആത്മീയ പാതയിലേക്ക് നയിച്ചതെന്നും അവര്‍ ഇയാന്‍സിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പേരും പദവിയും പ്രശസ്തിയും നല്‍കിയത് ബോളിവുഡ് ആണെന്നും എന്നാല്‍ ആത്മീയ വിളി എത്തിയതോടെ താന്‍ ബോളിവുഡ് ഉപേക്ഷിച്ചുവെന്നും അവര്‍ വിശദീകരിച്ചു. 2000 മുതല്‍ 2012 വരെ താന്‍ കടുത്ത ആചാരനിഷ്ഠകളോടെയാണ് ജീവിച്ചതെന്നും അവര്‍ പറഞ്ഞു.