റിപ്പബ്ലിക് ദിന പരേഡിനൊരുങ്ങി രാജ്യതലസ്ഥാനം. നാളെ രാവിലെ പത്തരയ്ക്കാണ് മാര്‍ച്ച്പാസ്റ്റ് ആരംഭിക്കുക. ഡല്‍ഹി നഗരത്തിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബൊവോ സുബിയാന്‍റോയാണ് ഇത്തവണത്തെ മുഖ്യാതിഥി.
രാവിലെ പ്രധാനമന്ത്രി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് തുടക്കമാകും. പത്തുമണിയോടെ രാഷ്ട്രപതി ആറ് കുതിരകളെ കെട്ടിയ പ്രത്യേക വാഹനത്തില്‍ പരേഡ് നടക്കുന്ന കര്‍ത്തവ്യപഥിലെത്തും. ഒപ്പം മുഖ്യാതിഥിയും. തുടര്‍ന്ന് ഇന്ത്യന്‍ സേനയുടെ കരുത്ത് വിളിച്ചോതുന്ന മാര്‍ച്ച്പാസ്റ്റ്. കര, വ്യോമ, നാവിക സേനകളും എന്‍.സി.സി, എന്‍.എസ്.എസ് സംഘാംഗങ്ങളും മാര്‍ച്ച്പാസ്റ്റിന്‍റെ ഭാഗമാകും. കരയില്‍നിന്ന് കരയിലേക്ക് തൊടുക്കാവുന്ന പ്രളയ് മിസൈല്‍ ഉള്‍പ്പെടെ സേനയുടെ അത്യാധുനിക യുദ്ധോപകരണങ്ങളും പരേഡില്‍ അണിനിരക്കും. കരസേനയുടെ മോട്ടോര്‍ സൈക്കിള്‍ റാലി ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഡെയര്‍ഡെവിള്‍സ് എന്ന് പേരുള്ള സംഘം 20.4 അടിഉയരത്തില്‍ പിരമിഡ് തീര്‍ത്ത് ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് ഒരുക്കം. 5000 ആദിവാസി കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാരൂപങ്ങള്‍ കര്‍ഥവ്യപഥില്‍ കാഴ്ചയുടെ വിരുന്നൊരുക്കും. 16 സംസ്ഥാനങ്ങളുടേതടക്കം 31 നിശ്ചല ദൃശ്യങ്ങളാണ് അവതരിപ്പിക്കുന്നത്. 39 യുദ്ധവിമാനങ്ങള്‍ വായുവില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഫ്ലൈപാസ്റ്റോടെ റിപ്പബ്ലിക് ദിന രപരേഡിന് സമാപനം.