വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവാ ആക്രമണം. ഉള്‍വനത്തില്‍ കടുവയെ തിരഞ്ഞെത്തിയ ആര്‍ആര്‍ടി സംഘത്തെ കടുവ ആക്രമിച്ചു. സംഘാംഗം ജയസൂര്യയുടെ വലതു കൈയ്ക്ക് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കടുവ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ട് തടഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആര്‍ആര്‍ടി സംഘം കടുവയെ വെടിവച്ചെങ്കിലും കൊണ്ടില്ല. സംഘത്തെ ആക്രമിച്ച സ്ഥലത്തുനിന്നും കടുവ മാറി. അടുത്ത ആക്ഷന്‍ പ്ലാനുമായി സംഘം വീണ്ടും ഉള്‍ക്കാട്ടിലേക്ക് പോകും. പുറകില്‍ നിന്നാണ് കടുവ ആക്രമിച്ചതെന്ന് ജയസൂര്യ പറഞ്ഞു. ഷീല്‍ഡ് ഉപയോഗിച്ച് ചെറുത്തപ്പോളാണ് കടുവയുടെ നഖം കൈയ്യില്‍ക്കൊണ്ട് പരുക്കേറ്റതെന്നും ജയസൂര്യ പറഞ്ഞു.
അതേസമയം, പഞ്ചാരക്കൊല്ലിയില്‍ കടുവ ദൗത്യത്തിനെത്തിയ ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ് . നടപടികള്‍ വിശദീകരിച്ച മാര്‍ട്ടിന്‍ ലോവലിനെ മാനന്തവാടി എസ്എച്ച്ഒ തടഞ്ഞു. ബേസ് ക്യാംപിന് മുന്നില്‍ മാധ്യമങ്ങള്‍ നില്‍ക്കരുതെന്ന് എസ്എച്ച്ഒ ടി.എ.അഗസ്റ്റിന്‍ പറഞ്ഞു. വയനാട് പഞ്ചാരകൊല്ലിയിലെ രാധയെ കൊന്ന കടുവ ഇന്നലെ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്തിയില്ല. സന്ധ്യയ്ക്ക് നാട്ടുകാർ കണ്ടുവെന്ന് പറഞ്ഞ സ്ഥലത്തെ പരിശോധനയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. അതിനിടെ കടുവ വയനാട് ഡാറ്റാ ബേസിൽ ഉള്ളതല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
നാഗർഹോള ടൈഗർ റിസർവിനോട് കേരളം കടുവയുടെ വിവരങ്ങൾ തേടിയിട്ടുണ്ട്. കടുവയുടെ ഐ ഡി ലഭിക്കാത്തത് ദൗത്യത്തിന് തടസമാകുന്നുണ്ടെങ്കിലും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കാട്ടിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. കടുവ കണ്ടെത്താന്‍ തെര്‍മല്‍ ക്യാമറയും. നിബിഡ വനത്തിലും കടുവ ഉണ്ടെങ്കില്‍ കാണാനാകും.
വയനാട് കല്‍പ്പറ്റ പെരുന്തട്ടയില്‍ വീണ്ടും പുലിയുടെ ആക്രമണം. പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ പശുക്കിടാവിനെ കൊന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം .