ഇടവേളയ്ക്ക് ശേഷം ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും. രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണറായി എത്തിയ ശേഷമുള്ള ആദ്യ റിപബ്ലിക് ദിന വിരുന്നായിരുന്നു രാജ്ഭവനില്‍ നടന്നത്. മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജ്ഭവനിലെ വിരുന്നുകള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരത്തെ ബഹിഷ്കരിച്ചിരുന്നു.
കൊച്ചുമകനൊപ്പമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്‍റെ റിപ്പബ്ലിക് ദിന വിരുന്നില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലെത്തിയത്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രി വി.ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരും വിരുന്നില്‍ പങ്കാളികളായി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, വി. മുരളീധരന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളായി എത്തി. മത–സാമൂദായിക നേതാക്കളും, പത്മശ്രീ പുരസ്കാര ജേതാവായ കെ ഓമനക്കുട്ടി ടീച്ചര്‍ എന്നിരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും ചടങ്ങിനെത്തിയില്ല.
റിപ്പബ്ലിക് ദിനത്തിലെ പതിവാണ് ഗവര്‍ണറുടെ വിരുന്ന്. വി.സി നിയമനമുള്‍പ്പെടേയുള്ള വിഷയങ്ങളില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും തമ്മില്‍ പോര് മൂര്‍ഛിച്ചതോടെ വിരുന്നില്‍ നിന്നും മുഖ്യമന്ത്രിമാരും മന്ത്രിമാരും വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. ആരിഫ് മുഹമ്മദ് ഖാന്‍ മാറി പുതിയ ഗവര്‍ണര്‍ വന്നതോടെ രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള ഔപചാരികതകള്‍ പതിവ് രീതികളിലേക്ക് മാറുകയാണ്.