kris-gopalakrishnan

TOPICS COVERED

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ ജാതി അധിക്ഷേപത്തിന്‍റെ പേരില്‍ കേസ്. എസ്‌സി/എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണു  ബെംഗളൂരു പൊലീസ് കേസെടുത്തത്.  ക്രിസ് ഗോപാലകൃഷ്ണന് പുറമേ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ബലറാം അടക്കം 16 പേരെക്കൂടി പ്രതിചേര്‍ത്തു. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നിർദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗർ പൊലീസിന്‍റെ നടപടി.

ഐഐഎസ്‌സിയിൽ സെന്റർ ഫോർ സസ്‌റ്റൈയ്നബിൾ ടെക്‌നോളജിയിൽ അധ്യാപകനായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പയുടെ പരാതിയിലാണ് കോടതി ഇടപെട്ടത്. 2014ൽ തന്നെ വ്യാജ ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിൽ പറയുന്നു. ജാതീയ അധിക്ഷേപത്തിനും ഭീഷണിക്കും ഇരയായെന്നും ദുർഗപ്പ ആരോപിച്ചു. തന്നെ തിരിച്ചെടുക്കാന്‍ ഐ.ഐ.എസ്.സി ആദ്യം സമ്മതിച്ചെങ്കിലും തിരിച്ചെടുത്തില്ല. ഇക്കാരണത്താല്‍ ഇന്ത്യയില്‍ മറ്റെവിടെയും ജോലി ലഭിച്ചില്ലെന്നും ദുര്‍ഗപ്പ പറയുന്നു.

ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വര, കെ.വി.എസ്.ഹരി, ദാസപ്പ, പി.ബലറാം, ഹേമലതാ മിഷി, കെ.ചതോപാധ്യായ, പ്രദീപ് ഡി.സാവ്കർ, മനോഹരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഐഐഎസ്‌സി ബോർഡ് ട്രസ്റ്റിൽ അംഗം കൂടിയാണ് ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ. സംഭവത്തില്‍ ഐ.ഐ.എസ്.സി.യോ ക്രിസ് ഗോപാലകൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

A case has been filed against Infosys co-founder Kris Gopalakrishnan and 16 others under the SC/ST Prevention of Atrocities Act by Bengaluru Police. The complaint, made by Durgaappa, a former faculty member at IISc, alleges caste discrimination, threats, and a false honey trap case in 2014 that led to his termination. Despite IISc initially agreeing to reinstate him, it was not implemented, affecting his career opportunities. Neither IISc nor Kris Gopalakrishnan has responded to the allegations yet.