യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ടോക്സിക്കിന്റെ ഗ്ലിംപ്സ് വിഡിയോയില്‍ വിമര്‍ശനവുമായി സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍. സംസ്ഥാനം കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിതിന്‍ കുറിച്ചത്.
'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആൺനോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആൺമുഷ്ക്ക്' മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി,' എന്നാണ് നിതിന്‍ കുറിച്ചത്.
മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയിലെ സ്ത്രീവിരുദ്ധ രംഗത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. പാര്‍വതി ഈ പ്രസ്താവന നടത്തിയ വേദിയില്‍ ചിത്രത്തിന്‍റെ പേര് പറയണമെന്ന് പറഞ്ഞത് ഗീതു മോഹന്‍ദാസായിരുന്നു.
അതേസമയം യഷിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടോക്സിക് ഗ്ലിംപ്സ് വിഡിയോ പുറത്തുവിട്ടത്. കെജിഎഫ് ചാപ്റ്റര്‍ 2 പുറത്തെത്തി നാല് വര്‍ഷത്തിന് ശേഷമാണ് യഷിന്‍റെ മറ്റൊരു ചിത്രം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏപ്രിലിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.