കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് പത്തു‌പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. മൗനി അമാവാസി ദിനത്തില്‍ പുലര്‍ച്ചെ അമൃതസ്നാനത്തിനായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. ഇതോടെ അമൃതസ്നാനച്ചടങ്ങുകള്‍ നിര്‍ത്തിവച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും സ്ഥിതി വിലയിരുത്തി. 

40 ദിവസം നീണ്ട മഹാകുംഭമേളയിലെ സുപ്രധാന ദിനമാണ് മൗനി അമാവാസിയായ ഇന്ന്. ഗംഗ, യമുന സംഗമസ്ഥാനത്തെ സ്നാനമാണ് ചടങ്ങുകളിൽ പ്രധാനം. ഇതിനായി 10 കോടി പേരെയാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അർദ്ധരാത്രിയോടെ തീർത്ഥാടകരുടെ തിരക്കേറി. സംഗം ഘാട്ട് മാത്രം ലക്ഷ്യം വെച്ച്  തീർത്ഥാടകർ മുന്നേറിയതോടെ ബാരിക്കേടുകൾ തകർന്നു. വീണവർക്ക് മുകളിലൂടെ ജനക്കൂട്ടം നീങ്ങി. മരണവും പരിക്കേറ്റവരുടെ എണ്ണവും സംബന്ധിച്ച് സർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

യോഗി ആദിത്യനാഥ് രാജിവക്കണമെന്നും കുംഭമേളയുടെ നടത്തിപ്പ് സൈന്യത്തെ ഏൽപ്പിക്കണമെന്നും എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും സർക്കാർ വിഐപി സന്ദർശനം തടഞ്ഞ് സാധാരണ ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റാൻ  മികച്ച സംവിധാനങ്ങൾ ഒരുക്കണമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എക്സിൽ കുറിച്ചു. ആം ആദ്മി പാർട്ടിയും കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വിമർശിച്ചു.

ENGLISH SUMMARY:

A stampede took place at the Sangam in Uttar Pradesh's Prayagraj as scores of people turned up for a holy dip in the Ganga on the occasion of Mauni Amavasya in the wee hours of Wednesday.