സെഞ്ചറിത്തിളക്കത്തില്‍ ശ്രീഹരിക്കോട്ട. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം. ജി.എസ്.എല്‍.വി എഫ് 15 റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. പുതുതലമുറ നാവിഗേഷന്‍ ഉപഗ്രഹം ‘എൻവിഎസ്-02’ ആണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 6.23 നായിരുന്നു ആ ചരിത്രമൂഹൂര്‍ത്തം. വിക്ഷേപണം നടന്ന് 19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു.
ഐഎസ്ആർഒയുടെ ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണു നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്).
2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേര്‍ഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. രാജ്യവും അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും പരിധിയിൽ വരും.