മഹാകുംഭമേളയ്ക്കിടെ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി യു.പി. സര്‍ക്കാര്‍. വി.വി.ഐ.പി പാസുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കി. ജുഡീഷ്യല്‍ കമ്മിഷന്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടും. മരിച്ചവരില്‍ അഞ്ചുപേരെ ഇനിയും തിരിച്ചറിഞ്ഞില്ല.
രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കാന്‍ നിര്‍ദേശിച്ചു. വി.വി.ഐ.പി പാസുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കി. പ്രയാഗ്‌രാജില്‍ വാഹന നിയന്ത്രണവും ഏര്‍പ്പെടുത്തി. ഫെബ്രുവരി നാലുവരെ നാലുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ തടയും.
കുംഭമേള പ്രദേശത്തെ തെരുവുകച്ചവടക്കാരെ പ്രത്യേക മേഖലയിലേക്ക് മാറ്റും. തീര്‍ഥാടകരെ ബാരിക്കേഡ് കെട്ടി തടയേണ്ടിവന്നാല്‍ അവര്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കാനും നിര്‍ദേശിച്ചു. വസന്തപഞ്ചമി ദിനമായ ഫെബ്രുവരി മൂന്നിനാണ് അടുത്ത അമൃതസ്നാനം. അന്നും വന്‍ ജനത്തിരക്കിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നിയന്ത്രണങ്ങള്‍.