ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാം വിമാനം അമൃത്സറിലെത്തി. രാത്രി പതിനൊന്നരയോടെയാണ് 116 പേരുമായുള്ള യു.എസ് വ്യോമസേന വിമാനം ലാൻഡ് ചെയ്തത്. സ്വീകരിക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മനും കേന്ദ്ര മന്ത്രി രവനീത് ബിട്ടുവും വിമാനത്താവളത്തിൽ എത്തിയിരുന്നു. നാടുകടത്തപ്പെട്ടവരെ പരിശോധനകൾക്കു ശേഷം സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ തവണത്തേതുപോലെ കയ്യിലും കാലിലും വിലങ്ങിട്ടാണോ ഇവരെ കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനം ഇന്ന് രാത്രി എത്തും .
കഴിഞ്ഞയാഴ്ച 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയിരുന്നു. അന്നും യുഎസ് മിലിട്ടറി സി-17 ചരക്കുവിമാനത്തിലാണ് ഇവരെ അമൃത്സറിലേക്ക് അയച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം അമേരിക്ക വിടുന്നതുവരെ എല്ലാ ആഴ്ചയിലും നാടുകടത്തല്‍ തുടരുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റമുള്‍പ്പടെയുള്ള സുപ്രധാന ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് നാടുകടത്തലുകൾ. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന പൗരന്മാരെ തിരിച്ചെടുക്കാൻ ഡൽഹി തയ്യാറാണെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയുന്നു.
യുഎസിൽ അനധികൃതമായി താമസിക്കുന്നവരിൽ ഭൂരിഭാഗവും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ആദ്യസംഘത്തെ വിലങ്ങിട്ട് ഇന്ത്യയിലെത്തിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അനധികൃത കുടിയേറ്റക്കാരോട് മനുഷ്യത്വമില്ലാതെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ പെരുമാറിയതെന്ന് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ വികാരം അമേരിക്കയെ അറിയിക്കണമെന്നും പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടിരുന്നു.