ഗൂഗിൾ ഉള്‍പ്പെടെ ടെക് കമ്പനികളിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് ന്യായമായ പ്രതിഫലം ലഭിക്കണമെന്ന ആവശ്യം സർക്കാർ പരിശോധിക്കുന്നെന്ന് വാര്‍ത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ്. പകർപ്പവകാശ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേള്സ് അസോസിയേഷന്‍ കോണ്‍ക്ലേവില്‍ മന്ത്രി പറഞ്ഞു. വാര്‍ത്തയില്‍ എഐ. ഉപയോഗിക്കുന്നതിൽ സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് വിവിധ മാധ്യസ്ഥാപന മേധാവികള്‍ പാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
എഐ യുഗത്തിലെ മാധ്യമ പരിവർത്തനം എന്ന വിഷയത്തില്‍ നടന്ന കോണ്‍ക്ലേവില്‍ ഡിജിറ്റൽ വാർത്താ മാധ്യമങ്ങളുടെ ഭാവി, സാധ്യതകൾ, എഐ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ ചർച്ചയായി. ഡിജിറ്റല്‍ മാധ്യമരംഗത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ടെക് കമ്പനികളിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് ന്യായമായ പ്രതിഫലം ലഭിക്കണമെന്ന ആവശ്യവും പകർപ്പവകാശ പ്രശ്നങ്ങളും പരിശോധിക്കുന്നു എന്ന് വ്യക്തമാക്കി.
ടെക് കമ്പനികളിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് ന്യായമായ പ്രതിഫലം ഉറപ്പാക്കാന്‍ വ്യവസ്ഥ അനിവാര്യമെന്ന് ഐ.ബി സെക്രട്ടറി സഞ്ജയ് ജാജുവും പറഞ്ഞു. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്‍മാര്‍ ഉള്‍പ്പെട്ട പാനല്‍ ചര്‍ച്ചയില്‍ DNPA ചെയർപേഴ്സണും മനോരമ ഓൺലൈൻ സിഇഒയുമായ മറിയം മാമൻ മാത്യു മോഡറേറ്ററായിരുന്നു. വാര്‍ത്തയിലെ എ.ഐ. ഉപയോഗത്തിൽ മാധ്യമ സ്ഥാപനങ്ങളുമായി ചർച്ച നടത്തി നിയമനിർമ്മാണം നടത്തണമെന്നും 100% AI-Generated ഉള്ളടക്കം നൽകുമ്പോൾ പ്രത്യേകം അറിയിപ്പ് വേണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.