കേരളാ പൊലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ രാജ്യാന്തര സാമ്പത്തിക കുറ്റവാളിയും ലിത്വാനിയൻ പൗരനുമായ അലക്സേജ് ബെസിക്കോവിനെ ഉടൻ സിബിഐയ്ക്ക് കൈമാറും. ഇന്റർപോൾ കണക്കനുസരിച്ച് ബെസിക്കോവും പങ്കാളികളും എട്ട് ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതിയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി.
കനത്ത സുരക്ഷയിലാണ് അലക്സേജ് ബെസിക്കോവിനെ കേരളാ പൊലീസ് ഡൽഹിയിലെത്തിച്ചത്. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐ ചോദ്യം ചെയ്തതിനുശേഷം ഇയാളെ അമേരിക്കയ്ക്ക് കൈമാറും. ക്രിപ്റ്റോ കറൻസി തട്ടിപ്പിന് അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്ക് സുരക്ഷാ ഭീഷണിയുണ്ട്.
കഴിഞ്ഞ ദിവസം റഷ്യയിലേക്ക് മടങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപാണ് പൊലീസ് വർക്കലയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. സിബിഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തട്ടിപ്പിൽ പങ്കില്ലാത്തതിനാൽ ഭാര്യക്ക് റഷ്യയിലേക്ക് പോകാൻ അനുമതി നൽകി.