ഗുണ്ടൽപേട്ടിലെ ബന്ദിപ്പൂർ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായി. 2ന് വനമേഖലയ്ക്കു സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത ബെംഗളൂരു സ്വദേശി നിഷാന്ത് (40), ഭാര്യ ചന്ദന (34), ഇവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്.
ഒരു ദിവസം കൊണ്ട് ഒരു കുടുംബം മൊത്തം അപ്രത്യക്ഷമായതില്‍ വന്‍ ദുരൂഹതയാണ് ഉയരുന്നത്. ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂരിനടുത്തുള്ള ഒരു റിസോർട്ടിൽ നിന്നുമാണ് കുടുംബത്തെ കാണാതായത്. ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായ ഇവരുടെ തിരോധനത്തെ തുടർന്ന് കർണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സേനകൾ വൻതോതിലുള്ള തിരച്ചിൽ നടത്തുകയാണ്.
Also Read; ഗെയിം കളി എതിര്‍ത്തു; കുടുംബത്തെ കൂട്ടക്കൊല ചെയ്ത് 21കാരന്‍
റിസോർട്ടിൽനിന്നു കാറിൽ വനത്തിനുള്ളിലെ മംഗള റോഡ് ഭാഗത്തേക്കു പോയ ഇവരുടെ കാർ മാത്രം കണ്ടെത്തുകയായിരുന്നു. ബാഗുകളും മറ്റും റിസോർട്ടിൽ തന്നെയുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണു നിഷാന്ത് ഇവിടെ മുറിയെടുത്തതെന്നു തെളിവെടുപ്പു നടത്തിയ ചാമരാജനഗർ എസ്പി ബി.ടി.കവിത പറഞ്ഞു.
ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ജീവനക്കാരനെന്നാണു തിരിച്ചറിയൽ കാർഡിലുള്ളത്. നിഷാന്ത് വലിയ കടബാധ്യതകൾ കാരണം ബുദ്ധിമുട്ടിലായിരുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവരുടെ തിരോധാനത്തിന് പിന്നിലുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. കടക്കാർ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയോ ഒളിവിൽ പോകാൻ മനഃപൂർവം ശ്രമിച്ചതോ ഉൾപ്പെടെ നിരവധി സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്.