നേരം വെളുത്തു തുടങ്ങിയതേയുള്ളു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ എന്തൊക്കെ ചെയ്യുമെന്ന ടെൻഷനിൽ ഉറക്കം നഷ്ടപ്പെട്ട പാങ്ങോട് സ്റ്റേഷനിലെ പൊലീസുകാർ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ തുടങ്ങിയതേയുള്ളു. അപ്പോഴാണ് അഫാന്‍റെ ഷോ. കൃത്യം 6.55 ന്. ബാത്റൂമിലെ ചെറിയ തിട്ടയിൽ നിന്ന് വീണു കിടക്കുന്നതാണ് ശബ്ദം കേട്ട് നോക്കിയ പൊലീസുകാർ കണ്ടത്. തീരെ വയ്യെന്നായിരുന്നു അഭിനയം. വിവരമറിഞ്ഞ് മാധ്യമപ്രര്‍ത്തകരുമെത്തി.
പൊലീസുകാർ ആശുപത്രിയിലേയ്ക്ക് 'നടക്കാൻ പോലുമാകാത്ത ' അഫാനെ താങ്ങിപ്പിടിച്ച് കൊണ്ടു പോയി. ഇതിനിടെ ചാനലുകളിൽ വാർത്ത , ഉയർന്ന ഉദ്യോഗസ്ഥരുടെ ഫോൺ വിളികൾ. ആകെ പിരിമുറുക്കം. ആശുപത്രിയിലെത്തിച്ചപ്പോൾ നാടകമാണെന്ന് ബോധ്യപ്പെട്ടു. പോയ അതേ വേഗത്തിൽ തിരികെ സ്റ്റേഷനിലേക്ക്.
അപസ്മാരത്തിൽ പിടഞ്ഞ് പാവം പൊലീസുകാരൻ
ഈ സമയമൊക്കെയും ഏറ്റവും കൂടുതൽ ടെൻഷനടിച്ചത് കാവലുണ്ടായിരുന്ന പൊലീസുകാരാണ്. ബാത്റൂമിൽ പോയ സമയത്ത് വിലങ്ങഴിച്ച നിമിഷ നേരം കൊണ്ടാണ് അഫാൻ നാടകം കളിച്ചത്. ആശുപത്രിയിൽ നിന്ന് അഫാനെ സ്റ്റേഷനിലെത്തിച്ച ഉടൻ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ വീണു പോയി. അപസ്മാര ബാധയുമുണ്ടായി.
ഉടൻ തന്നെ ഇദ്ദേഹത്തെ കല്ലറ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇ സി ജി യിൽ വ്യത്യാസം കണ്ടതോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിക്ക് ജോലിക്ക് കയറി ഇന്ന് രാവിലെ എട്ടു മണി വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ഇദ്ദേഹം . ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ അഫാൻ എന്തൊക്കെ ചെയ്യുമെന്ന ആശങ്കയിലാണ് പൊലീസ്. ഇതോടെ രാവിലെ നടത്താനിരുന്ന തെളിവെടുപ്പും വൈകി.