ഡല്‍ഹിയില്‍ വനിതകള്‍ക്ക് മാസം 2500 രൂപ നല്‍കാനുള്ള ബി.ജെ.പിയുടെ മഹിള സമൃദ്ധി യോജനയെ ചൊല്ലി വാക്പോര്. പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെങ്കിലും എപ്പോള്‍ മുതല്‍ പണം നല്‍കുമെന്ന് പ്രഖ്യാപിച്ചില്ല. പ്രധാനമന്ത്രിയുടെ വാഗ്ദാനം പൊള്ളയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് അതിഷി പരിഹസിച്ചു. പഞ്ചാബിലെ വനിതകള്‍ക്ക് നല്‍കാനുള്ള കുടിശിക കൊടുത്തുതീര്‍ക്കാന്‍ അതിഷി മുന്‍കയ്യെടുക്കണമെന്ന് ബി.ജെ.പി. തിരിച്ചടിച്ചു
മഹിള സമൃദ്ധി യോജനയ്ക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. അംഗീകാരം നല്‍കി എന്നുപറയുമ്പോഴും അതിന്‍റെ നടപടിക്രമങ്ങള്‍ ആരംഭിക്കുക മാത്രമാണ് വാസ്തവത്തില്‍ ചെയ്തത്. അര്‍ഹരെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ മൂന്നംഗ മന്ത്രിതല സമിതി രൂപീകരിച്ചു. സമിതി റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞാല്‍ റജിസ്ട്രേഷനായി പോര്‍ട്ടല്‍ തയാറാക്കും. തുടര്‍ന്ന് അപേക്ഷകള്‍ സ്വീകരിച്ചാണ് പണം നല്‍കിത്തുടങ്ങുക. ചുരുക്കത്തില്‍ 2500 രൂപ അക്കൗണ്ടിലെത്താന്‍ സമയമെടുക്കും. അതാണ് എ.എ.പിയുടെ വിമര്‍ശനത്തിന് അടിസ്ഥാനവും. തിരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി കള്ളം പറയുകയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് അതിഷിയുടെ ആരോപണം
അര്‍ഹരായ എല്ലാ വനിതകള്‍ക്കും പണം നല്‍കുമെന്ന് പറയുന്ന ബി.ജെ.പി. പഞ്ചാബില്‍ സഹായവിതരണം മുടങ്ങിയെന്ന ആരോപണം ഉയര്‍ത്തിയാണ് എ.എ.പിയെ പ്രതിരോധിക്കുന്നത്. ഡല്‍ഹിയിലെ കാര്യത്തില്‍ ആകുലപ്പെടുന്ന അതിഷി പഞ്ചാബില്‍ മൂന്നുവര്‍ഷമായി സഹായം ലഭ്യമാകാത്തത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. മഹിള സമൃദ്ധി യാജനയ്ക്കായി ബജറ്റില്‍ പണം വകയിരുത്തുമെന്നും ബി.ജെ.പി. പറയുന്നുണ്ട്.