കിഴക്കൻ ഡൽഹിയിലെ ഒരു മാളിനുള്ളിലെ ബാറിൽ നിന്നാണ് ഡേറ്റിംഗ് ആപ്പ് തട്ടിപ്പുകാരെ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ ഡൽഹി പോലീസിന്‍റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതികള്‍ കുറ്റം സമ്മതിച്ചു. ടിൻഡർ, ബംബിൾ, ഹിഞ്ച്, ഹാപ്ൻ, ഐസിൽ, വൂ തുടങ്ങിയ പ്രശസ്ത ഡേറ്റിംഗ് ആപ്പുകൾ വഴിയാണ് പ്രതികള്‍ ഇരകളെ കുടുക്കിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഡേറ്റിംഗ് ആപ്പുകളിൽ വ്യാജ വനിതാ പ്രൊഫൈലുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഒരാൾ വ്യാജ പ്രൊഫൈലിൽ വീണു കണ്ടുമുട്ടാൻ സമ്മതിച്ചു കഴിഞ്ഞാൽ, അവരെ ഡൽഹിയിലെ ക്രോസ് റിവർ മാളിലെ ബിഗ് ഡാഡി ബാറിലേക്ക് വിളിക്കും. പിന്നീട് വിലകൂടിയ ഭക്ഷണപാനീയങ്ങൾ അവരെക്കൊണ്ട് ഓർഡർ ചെയ്യിപ്പിക്കും. ബാർ മാനേജ്‌മെന്‍റുമായി സഹകരിച്ച് ബില്ലില്‍ കൃത്രിമം നടത്തും. ബിൽ വന്‍ തുകയായി മാറുകയും വന്നയാള്‍ വലിയ വില നൽകേണ്ടിവരികയും ചെയ്യും.
വലിയ സംഘമായാണ് ഈ തട്ടിപ്പ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഇരകളെ വലയിലാക്കുന്നവര്‍ക്ക് ബാറിൽ നിന്ന് പ്രതിദിനം 3,000 രൂപ ലഭിച്ചിരുന്നു. വ്യാജ ഡേറ്റുകൾക്ക് സഹായിക്കുന്ന സ്ത്രീകളെയും സംഘം വ്യത്യസ്ത ബാറുകളിൽ നിന്ന് ഏർപ്പാട് ചെയ്തതിരുന്നു. അതുകൊണ്ടുതന്നെ ആളുകള്‍ക്ക് പണം നഷ്ടമായാകുമ്പോഴും തട്ടിപ്പ് പിടിക്കപ്പെട്ടിരുന്നില്ല.
പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു. ഡേറ്റിങ് തട്ടിപ്പ് സംഘത്തിന് മറ്റ് ആളുകളുമായോ ബാറുകളുമായോ ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.