ഭർത്താവ് ബൈക്കില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ ദൊമകൊണ്ട മണ്ഡലത്തിലെ സീതാരമ്പള്ളി ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാത്രിയില്‍ അജ്ഞാതരായ ചിലർ രാജനർസുവിന്‍റെ ബൈക്കില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കുന്നത് പതിവായിരുന്നു. തന്‍റെ ഇരുചക്ര വാഹനത്തില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നത് തടയാനാണ് രാജനർസു ബൈക്കില്‍ വൈദ്യുതി കവചം തീര്‍ത്തത്. എന്നാല്‍ ഇത് അറിയാതെ ബൈക്കില്‍ സ്പര്‍ശിച്ച ഭാര്യ ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഒരു ചെറിയ ഷെഡിലാണ് യുവാവ് എന്നും ബൈക്ക് വച്ചിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.
ബൈക്കില്‍ വൈദ്യുതി കവചം തീര്‍ത്ത കാര്യം ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഷെഡില്‍ പാചകം ചെയ്യുന്നതിനിടയിലാണ് അബദ്ധത്തില്‍ ബൈക്കില്‍ തൊട്ടത്. ഷോക്കേറ്റ യുവതി ബോധരഹിതയായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബീബി നഗർ എസ്‌ഐ പ്രഭാകർ പറഞ്ഞു.