മുംബൈ ലീലാവതി ആശുപത്രിയില്‍ ദുര്‍മന്ത്രവാദവും കൂടോത്രവും നടന്നെന്ന ആരോപണം തള്ളി മുന്‍ ട്രസ്റ്റിമാര്‍ രംഗത്ത്. ആശുപത്രി ട്രസ്റ്റിനെ കബളിപ്പിച്ച് സ്ഥാപനത്തില്‍ 1,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള മുംബൈയിലെ പേരുകേട്ട ലീലാവതി ആശുപത്രി ഇപ്പോള്‍ ആരോപണങ്ങളുടെ പുകമറയിലാണ്. മുന്‍ ട്രസ്റ്റിമാര്‍ക്ക് എതിരെ 1500 കോടിയുടെ തിരിമറി ആരോപണമാണ് ഉയര്‍ന്നുവന്നത്. ഇതോടൊപ്പാണ് ദുര്‍മന്ത്രവാദ കേസും. ആശുപത്രിയില്‍ നിന്ന് മനുഷ്യമുടിയും തലയോട്ടിയും അടങ്ങുന്ന എട്ട് കലശങ്ങള്‍ കണ്ടെത്തിയതായി പുതിയ ഭരണസമിതിയുടെ പരാതിയില്‍ പറയുന്നു. ഇപ്പോഴത്തെ സ്ഥിരം ട്രെസ്റ്റിയുടെ ഓഫിസിന്‍റെ തറയില്‍ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. കലശങ്ങള്‍ മുദ്രവെച്ച് പൊലീസിന് കൈമാറി. 20 വര്‍ഷത്തിനിടെ മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സും കെട്ടിടങ്ങളും വാങ്ങിയതില്‍ വന്‍ തിരിമിറി നടന്നെന്നാണ് ആക്ഷേപം. ഏഴ് മുന്‍ ട്രസ്റ്റിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കീര്‍ത്തിലാല്‍ മേത്ത ട്രസ്റ്റിന് കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് വിദേശത്തുള്ള മുന്‍ ട്രെസ്റ്റിമാര്‍ രംഗത്തുവന്നു. കുത്തേറ്റ നടന്‍ സെയ്‌ഫ് അലി ഖാന്‍ ചികില്‍സ തേടിയത് ബാന്ദ്രയിലെ ഈ ആശുപത്രിയിലായിരുന്നു.