മലപ്പുറത്തെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ നടത്തുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂണ്‍ ഉടമ ലൂസി. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന സന്ദീപ് വാരിയര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുട്ടികളെയോ അവരോടൊപ്പം വന്ന യുവാവിനെയോ നേരത്തെ അറിയില്ലെന്നും സലൂണ്‍ ഉടമ ലൂസി പറഞ്ഞു.
പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറിന്റെ റോള്‍ അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡിന് ഒന്നരവര്‍ഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പോലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കേണ്ടി വന്നതെന്ന് അന്വേഷിക്കണമെന്നും സന്ദീപ് പറഞ്ഞിരുന്നു.
ലൂസിയുടെ വാക്കുകള്‍
ആളുകള്‍ വാര്‍ത്ത അയച്ചുതന്നപ്പോഴാണ് ഞാന്‍ അറിയുന്നത്. സന്ദീപ് വാരിയര്‍ ആരാണെന്ന് എനിക്കറിയില്ല അയാള്‍ക്ക് എന്നെയും അറിയില്ല. പ്രശസ്തിക്കും വേണ്ടി എന്തൊക്കെ വേണമെങ്കിലും പറയാമെന്നാണ്. തെളിവുണ്ടെന്നാണ് പറയുന്നത് എങ്കില്‍ കാണിക്കട്ടെ. അയാള്‍ക്ക് പ്രശസ്തി വേണമായിരിക്കും എനിക്ക് അത് വേണ്ട. എന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനിക്കുന്നത്.
10 വര്‍ഷം ജെന്‍സ് ബാര്‍ബര്‍ ഷോപ്പായി പ്രവര്‍ത്തിച്ച സ്ഥാപനമാണ് ഞങ്ങളുടേത്. സ്ത്രീകള്‍ സ്റ്റാഫായി പോലും ഇല്ലായിരുന്നു. എനിക്ക് എക്സ്പീരിയന്‍സായപ്പോള്‍ എന്‍റെ ഭര്‍ത്താവിനോട് പറഞ്ഞ് സലൂണ്‍ പേര് മാറ്റി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്പാ എന്നൊരു വാക്ക് അതില്‍ എവിടെയും ഇല്ല. ലോറിയല്‍ കമ്പനിയുമായി ടൈ അപ്പ് ചെയ്താണ് ഇത് നടത്തുന്നത്. ഇവിടെ ബോഡി മസാജൊന്നുമില്ല. പല യൂട്യൂബേഴ്സും സ്പാ എന്നൊക്കെ പറഞ്ഞാണ് കൊടുക്കുന്നത്.
പിന്നെ അയാള്‍ പറഞ്ഞ മരണപ്പെട്ട കാര്യം അത് ജിജു എന്ന് പറഞ്ഞ ഒരു പുരുഷനാണ്. അറ്റാക്ക് വന്നായിരുന്നു മരിച്ചത് അയാള്‍ ഇവിടെയുള്ള ആളാണ്. ഗീതാ നഗറിലുള്ള ആളാണ്, അമ്മയും അനിയനും ഉണ്ട്, അവര് വന്ന പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടിട്ടാണ് ബോഡി കൊണ്ടുപോയത്. ഇവിടെ മാനേജറായി ജോലി ചെയ്യുന്ന ആളായിരുന്നു.
കോവിഡിന് ഒന്നരവര്‍ഷം മുന്‍പാണ് ഈ സലൂണ്‍ തുടങ്ങിയത്. അതിന് മുന്‍പ് ഇവിടെ റെയ്ഡ് നടന്നിട്ടില്ല. ആണുങ്ങള്‍ മാത്രമുള്ള ഇവിടെ എന്തിനാ റെയ്ഡ് നടത്തുന്നത്. പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനുമായി ഒരു പരിചയവുമില്ല. പേപ്പറിലാണ് അയാളുടെ മുഖം കാണുന്നത്. പിറ്റേ ദിവസമാണ് ഇവരുടെ cctv ദൃശ്യങ്ങള്‍ കാണുന്നത്. ആ പെണ്‍കുട്ടികള്‍ പറയുന്നത് ഇവിടുത്തെ ജോലിക്കാര്‍ക്ക് മനസിലാകാത്തതുകൊണ്ട് അവര്‍ എന്നെ വിളിച്ചത്. ഞാന്‍ തിരക്കായതുകൊണ്ട് വേറെയൊരു മലയാളി പെണ്‍കുട്ടിയെ വിട്ടു. പക്ഷേ എന്നിട്ടും ഇവര് തിരക്ക് കൂട്ടുകയാണ് വേഗം വാഷ് ചെയ്യണം എന്നൊക്കെ പറഞ്ഞപ്പോള്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പാണെന്ന് വിചാരിച്ചിട്ടാണ് ഞാന്‍ ചെല്ലുന്നത്. ഇതുവരെ ഞങ്ങളുടെ പേരില്‍ ഒരു കേസ് പോലുമില്ല. ഉണ്ടെന്ന് പറഞ്ഞവര്‍ അതിന്‍റെ തെളിവ് തരണം. ആ ആരോപണത്തെ ഞാന്‍ വെല്ലുവിളിക്കുകയാണ്.
മലയാളികള്‍ക്ക് പാര മലയാളികള്‍ തന്നെയാണ്. അസൂയയാണ്, ആരെങ്കിലും ഒന്നു നന്നായാല്‍ അപ്പോ പാരവെക്കാന്‍ ഇറങ്ങും. ഞാന്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്നയാളാണ്. അയാള്‍ നാട്ടില്‍ ഇത്രയും പ്രശ്നം നടക്കുമ്പോള്‍ എന്തിന് എന്‍റെ പിറകെ വരുന്നു, പ്രശസ്തിക്ക് വേണ്ടിയല്ലേ. എനിക്ക് അയാളെ അറിയില്ല എന്‍റെ ഫ്രണ്ട്സിനും അറിയില്ല അവരെല്ലാവരും ഗൂഗിളില്‍ നോക്കി അയാളെ ഫെയ്മസാക്കി കാണുവല്ലോ. അയാള്‍ക്ക് തെളിവ് കിട്ടുന്നതുവരെ കാത്തിരിക്കാമായിരുന്നല്ലോ. അത് ഏറ്റെടുത്ത് കുറേ യൂട്യൂബേഴ്സ് റീപോസ്റ്റ് ചെയ്യുന്നു. അതില്‍ വരുന്ന കമന്‍റ്സ് കണ്ടുകഴിഞ്ഞാല്‍ കണ്ണുതള്ളിപ്പോകും. ഇങ്ങനത്തെ കമന്‍റൊക്കെ കണ്ടാണ് കുട്ടികള്‍ വഴിപിഴക്കുന്നത്. എനിക്ക് മാനനഷ്ടം കിട്ടണം. ലോകമെമ്പാടുമുള്ള ആളുകള്‍ കാണുന്നതാണ്.
ആ പെണ്‍കുട്ടികള്‍ വന്നിട്ട് സുഹൃത്തിനെ വിളിക്കാന്‍ ഫോണ്‍ ചോദിച്ചു, ഇവിടെ സലൂണിലെ ഫോണ്‍ കൊടുത്തു. അവരുടെ കൈയ്യില്‍ ഫോണ്‍ ഇല്ലായിരുന്നു. ഞങ്ങളുമായി ആ കുട്ടികള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ആദ്യം തന്നെ അറിയാമായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.