കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നത് പ്രോത്സാഹനം നല്‍കണമെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ സഹായം പ്രഖ്യാപിച്ച് ആന്ധ്ര എംപി. മൂന്നാമത്തെ കുട്ടിയെ പ്രസവിക്കുന്നവര്‍ക്കാണ് ടിഡിപി എംപി കാളിസെറ്റി അപ്പല നായിഡു സഹായം പ്രഖ്യാപിച്ചത്.
മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന ദമ്പതികള്‍ക്ക് 50,000 രൂപയുടെ ധനസഹായം നല്‍കും. മൂന്നാമത്തെ കുട്ടി ആണാണെങ്കില്‍ പശുവിനെ സഹായമായി നല്‍കുമെന്നും എംപി പ്രഖ്യാപിച്ചു. ധനസഹായത്തിനുള്ള പണം ജനപ്രതിനിധികള്‍ക്കുള്ള ശമ്പളത്തില്‍ നിന്നും കണ്ടെത്തുമെന്നും എംപി വ്യക്തമാക്കി.
അപ്പ നായിഡുവിന്റെ ഓഫർ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിപ്ലവകരമായ ഓഫര്‍ എന്നാണ് നായിഡുവിന്‍റെ തീരുമാനത്തെ പാര്‍ട്ടി അണികള്‍ വാഴ്ത്തുന്നത്. മണ്ഡലമായ വിജയനഗരത്തില്‍ വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് എംപി പ്രഖ്യാപനം നടത്തിയത്.
ദക്ഷിണേന്ത്യയില്‍ ജനസംഖ്യ കുറയുന്നതിനെ പറ്റി മാര്‍ച്ച് ആദ്യവാരത്തിലാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡും ആശങ്ക ഉന്നയിച്ചത്. ജനസംഖ്യയില്‍ പ്രായമാകുന്നവര്‍ കൂടുമ്പോള്‍ യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ യുവാക്കളുടെ എണ്ണം കൂടുതലാണെന്നും നായിഡു പറഞ്ഞിരുന്നു. കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ, എല്ലാ വനിതാ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്നും ചന്ദ്രബാബു നായിഡു ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ രണ്ട് കുട്ടികള്‍ക്ക് വരെയാണ് പ്രസവാവധി നല്‍കിയിരുന്നത്.