nh-land-compensation

രാജ്യത്ത് ഹൈവേ വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതടക്കം നിര്‍ണായക ദേശീയപാത നയത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു. നിലവിലെ നിയമം അടിമുടി പരിഷ്കരിച്ചുള്ള ഭേദഗതി കേന്ദ്ര ഗതാഗത മന്ത്രാലയം കാബിനറ്റിന്‍റെ അനുമതിക്കായി അയച്ചു. നിലവിലെയും  സമീപഭാവിയിലെയും വിഷയങ്ങള്‍ കണക്കിലെടുത്താണ് സുപ്രധാന മാറ്റങ്ങള്‍ക്ക് നിര്‍ദേശിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഭേദഗതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ ഹൈവേ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച പരാതികള്‍ ഭൂമി ഏറ്റെടുക്കലിന് മൂന്ന് മാസത്തിന് ശേഷം ഉന്നയിക്കാന്‍ ഭൂവുടമയ്ക്കോ ഹൈവേ അതോറിറ്റിക്കോ അധികാരമുണ്ടാകില്ല. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ സ്ഥലത്ത് മറ്റിടപാടുകളും നിര്‍മാണ  പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും വിലക്ക് വരും. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ തുടങ്ങിയതിന് ശേഷം വീട് വച്ചും വ്യാപാര സ്ഥാപനങ്ങള്‍ നിര്‍മിച്ചും ഉയര്‍ന്ന നഷ്ടപരിഹാരം ആളുകള്‍ നേടിയെടുക്കുന്നത് തടയുന്നതിനാണ് പുതിയ ചട്ടം. സ്ഥലമേറ്റെടുക്കലിലെ നഷ്ടപരിഹാരം സംബന്ധിച്ച് ഉയരുന്ന കേസുകളില്‍ ഇതോടെ ഗണ്യമായ കുറവുണ്ടാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെയില്‍വേ, സിവില്‍ ഏവിയേഷന്‍, പ്രതിരോധം, കല്‍ക്കരി–പരിസ്ഥിതി മന്ത്രാലയം, നിയമകാര്യ,റവന്യൂ വകുപ്പുകള്‍ എന്നിവ നിയമ ഭേദഗതി സംബന്ധിച്ച നിര്‍ണായക അഭിപ്രായങ്ങള്‍ ഇതുവരെ പങ്കുവച്ചതായി ഗതാഗത മന്ത്രാലയം വ്യക്തമാക്കി. നിര്‍ദ്ദിഷ്ട ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നോട്ടിസുകള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ദേശീയപാതയ്ക്കായും വഴിയോര വിശ്രമ കേന്ദ്രങ്ങള്‍, ടോള്‍ എന്നിങ്ങനെ ഹൈവേയ്ക്ക് സമീപം വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നത് സംബന്ധിച്ചും പുതിയ ഭേദഗതിയില്‍ കൃത്യമായ ചട്ടങ്ങള്‍ കൊണ്ടുവരും. 

ENGLISH SUMMARY:

The Indian government is set to revise the national highway land acquisition policy, introducing provisions to return unused land after five years and restrict post-acquisition claims. The proposed amendments aim to reduce compensation disputes and legal cases