ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽനിന്ന് വൻ തോതിൽ പണം കണ്ടെടുത്തു. വീട്ടിലെ തീ അണയ്ക്കാൻ എത്തിയ അഗ്നിരക്ഷാ സേനയാണ് പണം കണ്ടെത്തിയത്. പിന്നാലെ യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിലെ തീപിടിത്തത്തിനുപിന്നാലെ ഉയരുന്നത് ഞെട്ടിപ്പിക്കുന്ന വിവരവും സംശയങ്ങളുടെ പുകമറയും. ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തം അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനയും, പൊലീസുമാണ് പണം കണ്ടെത്തിയത്. ഈ സമയം ജഡ്ജിയും വസതിയിൽ ഇല്ലായിരുന്നു. ഒരു മുറിയിൽ നിന്ന് വൻ തുക കണ്ടെത്തിയെന്ന് പൊലീസ് നൽകുന്ന വിവരം. എത്ര രൂപയാണെന്ന് വ്യക്തമല്ല.
ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന മൂന്നാമത്തെ ജഡ്ജിയാണ് യശ്വന്ത് വർമ. പണത്തിന്റെ ഉറവിടം എന്താണെന്നാണ് വ്യക്തമല്ല. പണം കണ്ടെത്തിയ വിവരം ലഭിച്ചതിനുപിന്നാലെ യോഗം ചേർന്ന സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്തു.
അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ. ആഭ്യന്തര അന്വേഷണവും നടത്തും. ജഡ്ജിയുടെ രാജി ആവശ്യപ്പെടാനും, രാജി വച്ചില്ലെങ്കിൽ പുറത്താക്കാനുള്ള നടപടികൾ തുടങ്ങാനുമാണ് ധാരണ. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകരും നടപടി ആവശ്യപ്പെട്ടു. ജുഡീഷ്യറിയിലെ അഴിമതി വളരെ ഗുരുതരമായ പ്രശ്നമെന്ന് കപിൽ സിബൽ. വിഷയം ജയ്റാം രമേശ് രാജ്യസഭയില്‍ ഉന്നയിച്ചു. ചര്‍ച്ച ചെയ്യാമെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ അറിയിച്ചു.