പെൺസുഹൃത്തിനോട് സംസാരിച്ചതിന് കാപ്പാ കേസ് പ്രതി യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് മനോരമ ന്യൂസ്. കഴിഞ്ഞ ദിവസം മുളവുകാട് പൊലീസ് ഓടിച്ചിട്ട് പിടികൂടിയ താന്തോണി തുരുത്ത് സ്വദേശി ശ്രീരാജിന്റെ അതിക്രമദൃശ്യങ്ങളാണ് പുറത്തായത്. പെൺസുഹൃത്തിനുള്ള മുന്നറിയിപ്പായി ആക്രമണ ദൃശ്യങ്ങൾ മർദ്ദനമേറ്റ യുവാവിന്റെ വാട്സപ്പ് സ്റ്റാറ്റസുമാക്കി.
മുളവുകാട് പൊലീസ് താന്തോണി തുരുത്തിൽ നിന്നും ശ്രീരാജിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട കൊടും ക്രിമിനലായ ശ്രീരാജ് മൂന്ന് ദിവസം മുൻപാണ് കാക്കനാട് സ്വദേശിയെ ആക്രമിച്ചത്. പെൺസുഹൃത്തിനോട് ഫോണിൽ സംസാരിച്ചതിന് കത്തിയും ഇരുമ്പ് പൈപ്പും ഉപയോഗിച്ചായിരുന്നു ആക്രമണം.
ദൃശ്യങ്ങൾ മർദനത്തിൽ കൈയ്യും കാലും ഒടിഞ്ഞ യുവാവിന്റെ ഫോണിൽ സ്റ്റാറ്റസുമാക്കി. കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയായിരുന്നു മർദനമെന്ന് യുവാവ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഇത് കഴിഞ്ഞ് ശ്രീരാജ് നേരെ എത്തിയത് തുതിയൂരുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ. വീട് അടിച്ചുതകർത്ത ശേഷം യുവതിയുടെ ഉള്ളംകാലിൽ കത്തികൊണ്ടു കുത്തി ഫോണുമായി കടന്നുകളഞ്ഞു. ഇതോടെയാണ് മുളവുകാട് പൊലീസ് ശ്രീരാജിനെ പൂട്ടിയത്.
കാപ്പാ ലംഘനം, യുവതിയെ വീട് കയറി അക്രമച്ചതടക്കം മൂന്ന് കേസുകളുടെ അടിസ്ഥാനത്തിൽ ശ്രീരാജിനെ റിമാൻഡ് ചെയ്തു. അതിനിടെ ശ്രീരാജ് ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കഞ്ചാവും എം.ഡി.എം.എയും ഉപയോഗിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.