bandhipur

TOPICS COVERED

ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം സംസ്ഥാനം  ശക്തമാക്കുന്നതിനിടെ,,, പാത  മുഴുവന്‍സമയവും അടച്ചിടണമെന്ന കര്‍ണാടക വനംവകുപ്പിന്‍റെ  നിലപാട്  തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടിക്കും. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബന്ദിപ്പൂര്‍ കടുവ സങ്കേതം ഡയറക്ടര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍  ഇത് അംഗീകരിക്കില്ലെന്നും കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്നും   വനംമന്ത്രിഎ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കേരള അതിര്‍ത്തി മുതല്‍ ഗുണ്ടല്‍ പേട്ടിലെ മദൂര്‍ വരെ 19.5 ‌കിലോമീറ്ററിലാണ് ഇപ്പോള്‍ രാത്രിയാത്ര നിരോധനമുള്ളത്.16 വര്‍ഷമായി നിലനില്‍ക്കുന്ന നിരോധനം നീക്കാന്‍ പലതലത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടയിലാണ് പാത പൂര്‍ണമായും അടയ്ക്കണമെന്ന ആവശ്യം. ദേശീയ പാത 766 ബന്ദിപ്പൂര്‍ കടുവസങ്കേതത്തിന്‍റെ ഉള്‍മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനു ബദലായി കുട്ട– ഗോണിക്കുപ്പ വഴിയുള്ള എസ് എച്ച് 88 പാത 75 കോടി രൂപമുടക്കി നവീകരിച്ചിട്ടുണ്ടെന്നും ബന്ദിപ്പൂര്‍ കടുവ സങ്കേതം കണ്‍സര്‍വേറ്റര്‍ ആന്‍‍ഡ് ‍ഡയറക്ടര്‍ എസ് പ്രഭാകരന്‍  സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷി ചേരാന്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി പോള്‍ മാത്യൂസ് സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ട്,  സുപ്രീം കോടതി  അയച്ച കത്തിന് മറുപടിയായാണ് കര്‍ണാടക സത്യവാങ്മൂലം നല്‍കിയത്.

2009 മേയ് 27 നാണ് ദേശീയ പാത 766 ല്‍ ബന്ദീപ്പൂര്‍ വനമേഖലയില്‍ രാത്രി യാത്ര നിരോധിച്ചത്.കഴിഞ്ഞ 15 വര്‍ഷമായി  സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഇത് സംബന്ധിച്ച കേസ്. 

ENGLISH SUMMARY:

Amid increasing demands to lift the night travel ban in Bandipur, Karnataka's Forest Department's stance to close the road completely continues to fuel controversy. In a statement to the Supreme Court, the Director of Bandipur Tiger Reserve emphasized this demand, while Kerala's Forest Minister E.K. Shashidharan clarified that discussions with the Karnataka government will continue, despite not accepting the proposal.