ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനത്തില്‍ കേരളത്തിന് ആശ്വാസമാകുന്ന നടപടിയുമായി കര്‍ണാടക. സമ്പൂര്‍ണ നിരോധനം വേണമെന്ന സത്യവാങ്മൂലം പിന്‍വലിച്ചു. ഇതോടപ്പൊപ്പം രാത്രിയാത്രാ നിരോധനം പിന്‍വലിക്കുന്നതു സംബന്ധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമായ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം വനം കണ്‍സര്‍വേറ്റര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ അനുമതിയോ നിയമോപദേശമോ തേടാതെയുള്ള സത്യവാങ്മൂലം പിന്‍വലിക്കാന്‍ വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ഉത്തരവിട്ടു. സത്യവാങ്മൂലം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ വിളിച്ച അടിയന്തര യോഗത്തില്‍ ബന്ധപെട്ട ഉദ്യോഗസ്ഥരെ മന്ത്രി ശാസിച്ചു.
ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം പിന്‍വലിക്കുന്നതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞമാസം മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുവൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്ദേശം നല്‍കി.സമ്പൂര്‍ണ രാത്രി യാത്ര നിരോധനം വേണമെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് നേരത്തെ മുഖ്യമന്ത്രിയടക്കമുള്ളര്‍ വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാടിലെത്തിയ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ യാത്രനിരോധനം പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു