ഡൽഹി ഹൈക്കോടതി ജഡ്ജി യസ്വന്ത് വര്‍മയുടെ വീട്ടിൽ പണം കണ്ടെത്തിയതിൽ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി. തെളിവുകളടങ്ങുന്ന റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. പണം കണ്ടെത്തിയതിന്റെ ഫോട്ടോയും റിപ്പോർട്ടിലുണ്ട്. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ.
സ്റ്റോർ റൂമിൽ കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിലാണ്. പണം കണ്ടെത്തിയതിൽ ഗൂഢാലോചനയെന്നാണ് ജസ്റ്റിസ് വർമ്മയുടെ മറുപടി. ജസ്റ്റിസ് വർമ്മ നൽകിയ വിശദീകരണവും പുറത്തുവിട്ടിട്ടുണ്ട്. ജഡ്ജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഉപയോഗ്യശൂന്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിലായിരുന്നു പണം.
പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ ആഭ്യന്തര സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ ശീല്‍ നാഗു, ജി.എസ്. സന്ധ്‌വാലിയ, കര്‍ണാടക ഹൈക്കോടതി ജഡ‍്ജി അനു ശിവരാമന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് ജുഡീഷ്യല്‍ ചുമതല നല്‍കുന്നത് വിലക്കി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.