ജഡ്ജിയുടെ വസതിയില്‍നിന്ന് അനധികൃത പണം കണ്ടെത്തിയത് ചര്‍ച്ച ചെയ്യാന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് രാജ്യസഭാധ്യക്ഷന്‍. ഇന്ന് വൈകീട്ട് 4.30ന് ചേരുന്ന യോഗത്തില്‍ വിഷയം സഭയില്‍ ചര്‍ച്ചചെയ്യുന്നതും തീരുമാനിക്കും. ആരോപണ വിധേയനായ ജഡ്ജിയെ അലഹാബാദിലേക്ക് സ്ഥലംമാറ്റുന്നതിനെതിരെ അലഹാബാദ് ഹൈക്കോടതി അഭിഭാഷകര്‍ അനിശ്ചിതകാല സമരം തുടങ്ങി.
ജുഡീഷ്യറിയെതന്നെ സംശയമുനയിലാക്കിയ ഗുരുതര സാഹചര്യം ചര്‍ച്ചചെയ്യാനാണ് രാജ്സഭാധ്യക്ഷന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ ഇംപീച്ച്മെന്‍റ് നടപടി തുടങ്ങുന്നതുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായേക്കുവിഷയം ചര്‍ച്ചചെയണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ലോക് സഭയിൽ മനീഷ് തിവാരി വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
യശ്വന്ത് വര്‍മയെ മാതൃ ഹൈക്കോടതിയായ അലഹാബാദിലേക്ക് തിരിച്ചയക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്കെതിരെ അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകര്‍ സമരം തുടങ്ങി. ഹൈക്കോടതി കവാടത്തിനുമുന്നില്‍ തടിച്ചുകൂടി അഭിഭാഷകര്‍ പ്രതിഷേധിച്ചു. തീരുമാനം പിന്‍വലിക്കുംവരെ സമരം തുടരാനാണ് ആഹ്വാനം.
ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണം തുടരുകയാണ്. തീപിടുത്തസമയത്ത് അഗ്നിരക്ഷാസേനയ്ക്കൊപ്പം ജഡ്ജിയുടെ വീട്ടിലെത്തിയ അഞ്ചു പോലീസുകാരുടെ ഫോണുകള്‍ അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് വിശദാംശങ്ങൾ തേടി പൊലീസ് അഗ്നിരക്ഷാ സേനയ്ക്ക് കത്തുനൽകി.