തമിഴ്നാട് തിരുപ്പത്തൂരില്‍ സര്‍ക്കാര്‍ ബസ്, സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്പെന‍്ഷന്‍. ബസിന് പിന്നാലെ 12–ാം ക്ലാസ് വിദ്യാര്‍ഥിനി ഓടുകയും തുടര്‍ന്ന് ബസ് നിര്‍ത്തുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതേ തുടര്‍ന്നാണ് നടപടി. രാവിലെ എട്ടരയ്ക്ക് വാണിയമ്പാടി ബസ്ഡിപ്പോയില്‍ നിന്ന് എടുത്ത ബസിനായി കോതക്കോട്ടൈ സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനി അടക്കമുള്ളവര്‍. എന്നാല്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല.
പരീക്ഷയ്ക്ക് കൃത്യ സമയത്ത് എത്തേണ്ടതിനാല്‍ ബസിന് പിന്നാലെ ഓടുകയായിരുന്നു പെണ്‍കുട്ടി. വിദ്യാര്‍ഥിനി ഓട്ടം നിര്‍ത്തുന്നില്ലെന്ന് കണ്ടതോടെയാണ് ഡ്രൈവര്‍ മുനിരാജ് വണ്ടി നിര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ കടുത്തവിമര്‍ശനവും പ്രതിഷേധവും ഡ്രൈവര്‍ക്കെതിരെ ഉയര്‍ന്നു. ഇതോടെയാണ് ഗതാഗതവകുപ്പ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.