ആയുധ ഇറക്കുമതിയില്‍ ലോകത്ത് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. 2020 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലെ കണക്കുകൾ പ്രകാരമാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ ഒന്നാം സ്ഥാനം തട്ടിയെടുത്തത് യുക്രെയ്‌നാണ്. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റേതാണ് കണക്കുകൾ.
റഷ്യ, ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കിയത്. 8.3 ശതമാനമാണ് ആഗോള ആയുധ ഇറക്കുമതിയിൽ. ഇറക്കുമതിയില്‍ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കുറവുണ്ടായതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2015 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരം 9.3 ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യയ്ക്ക് ഉണ്ടായത്. റഷ്യയിൽ നിന്നാണ് ഇന്ത്യയുടെ ആയുധ ഇറക്കുമതി കൂടുതലായും ഉള്ളത്, 36 ശതമാനമാണിത്.
ചുരുങ്ങിയത് 35 രാജ്യങ്ങളിൽ നിന്നും യുക്രെയ്ൻ ആയുധങ്ങൾ ഇറക്കുമതി ചെയ്‌തെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നാണ് യുക്രെയിന്റെ ഭൂരിഭാഗം ആയുധങ്ങളും ഇറക്കുമതി ചെയ്തിരിക്കുന്നത്. യുറോപ്യൻ രാജ്യങ്ങളിൽ ഒന്നാകെ ആയുധ ഇറക്കുമതി വർധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 2015 മുതൽ 2019 വരെയുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ 2020 മുതൽ 2024 വരെ 155 ശതമാനത്തിന്റെ വർധനവാണ് ആയുധ ഇറക്കുമതിയിൽ ഉണ്ടായത്.
മൂന്നാം സ്ഥാനത്ത് ഖത്തറും നാലാം സ്ഥാനത്ത് സൗദി അറേബ്യയും ഇടം പിടിച്ചു. 6.8 ശതമാനം വീതമാണ് ഇരുരാജ്യങ്ങളുടെയും പങ്ക്. പാകിസ്താനാണ് അഞ്ചാം സ്ഥാനത്ത്, ജപ്പാൻ, ഓസ്‌ട്രേലിയ, ഈജിപ്ത്, അമേരിക്ക, കുവൈത്ത് എന്നിങ്ങനെയാണ് ലിസ്റ്റിലുള്ള മറ്റുരാജ്യങ്ങൾ. ചൈന, നെതർലാൻഡ്സ്, തുർക്കി എന്നിവിടങ്ങളിൽ നിന്നാണ് പാകിസ്താൻ ആയുധങ്ങൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.