ഇന്ത്യയിലെ ഏറ്റവുംവലിയ ജയിലായ തിഹാര്‍ ജയിലിന്‍റെ സ്ഥാനംമാറ്റാന്‍ ഡല്‍ഹിയിലെ BJP സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡല്‍ഹി നഗരത്തിന് പുറത്തേക്ക് മാറ്റാനാണ് നീക്കം. സര്‍വേ നടത്താന്‍ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. യമുനാനദീ ശുചീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും കാര്യമായ നീക്കിയിരിപ്പുണ്ട്
രേഖ ഗുപ്ത സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിലാണ് ചരിത്രത്തിന്‍റെ ഭാഗമായ തീഹാര്‍ ജയില്‍ മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നഗരഹൃദയത്തിലെ ജനക്പുരിയിലുള്ള തിഹാര്‍ ജയിലിന്‍റെ സ്ഥാനം മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ സുരക്ഷാ കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അനുയോജ്യമായ മറ്റൊരിടം കണ്ടെത്തുന്നതിനുള്ള സര്‍വെയ്ക്കും കണ്‍സള്‍ട്ടന്‍സി സര്‍വീസിനുമാണ് 10 കോടി അനുവദിച്ചിരിക്കുന്നത്. പക്ഷേ തിഹാര്‍ ജയിലിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമല്ല. 400 ഏക്കറിലായി ഒന്‍പത് സെന്‍ട്രല്‍ ജയില്‍ സമുച്ചയങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തിന് പുറത്ത് ഇത്രയും വലിയ സ്ഥലവും സംവിധാനങ്ങളും ഒരുക്കാന്‍ കടമ്പകള്‍ ഏറെയാണ്. ബസുകളില്‍ വനിതകള്‍ക്ക് അനുവദിക്കുന്ന സൗജന്യ യാത്രയ്ക്ക് പിങ്ക് ടിക്കറ്റ് നല്‍കുന്ന രീതിമാറ്റി വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥിരം പാസുകള്‍ നല്‍കാനും ബജറ്റില്‍ ശുപാര്‍ശയുണ്ട്. ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ യമുനാ നദീശുചീകരണത്തിന് 500 കോടി നീക്കിവച്ചു. അന്തരീക്ഷ മലിനീകരണം തടയാന്‍ 300 കോടിയും റോഡ് നവീകരണത്തിന് 1000 കോടിയും അനുവദിച്ചു.