മുംബൈയിലെ ജുഹുവില്‍ ഐശ്വര്യ റായിയുടെ ആഡംബര കാറിൽ ബസ് ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിന്‍റെ (ബെസ്റ്റ്) ബസാണ് നടിയുടെ കാറില്‍ ഇടിച്ചത്. ഈ സമയം ഐശ്വര്യ കാറിൽ ഉണ്ടായിരുന്നില്ല എന്നും ബസ് പിന്നിൽ ഇടിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
ജുഹു ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോൾ ആഡംബര കാറിൽ ഇടിക്കുകയായിരുന്നു. കാറില്‍ ബസിടിച്ചതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. അപകടശേഷം കാര്‍ വേഗത്തിൽ ഓടിച്ചുപോകുന്നതിന്‍റെ വിഡിയോയും കാണാം. അതേസമയം, കാറിനു പിന്നില്‍ ബസിടിച്ചതിന് പിന്നാലെ ബൗൺസര്‍മാരിലൊരാള്‍ പുറത്തിറങ്ങി ബസ് ഡ്രൈവറെ മര്‍ദിച്ചതായി ബെസ്റ്റ് ഉദ്യോഗസ്ഥൻ പറയുന്നു.
ബസ് കാറില്‍ ഇടിച്ചതിനു പിന്നാലെ ഡ്രൈവര്‍ പുറത്തിറങ്ങിയിരുന്നു, ഈ സമയം ബംഗ്ലാവിൽ നിന്ന് ഒരു ബൗൺസർ പുറത്തിറങ്ങി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവർ പൊലീസ് കൺട്രോൾ റൂമില്‍ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ബംഗ്ലാവിലെ ജീവനക്കാർ ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തിയതായും ബസ് ഡ്രൈവര്‍ പ്രശ്നം അവസാനിപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരാതി ലഭിക്കുകയോ, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.