വന്യജീവി ആക്രമണത്തിനെതിരെ ഡൽഹിയിൽ കേരള കോൺഗ്രസ് എം പാർലമെന്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കേരളാ കോൺഗ്രസ് എം സംഘം കാണും.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലും ദേശീയ ദുരന്തനിവാരണ നിയമത്തിലും ഭേദഗതി ആവശ്യപ്പെട്ടായിരുന്നു പാർലമെന്റ് മാർച്ച്. വന്യജീവി ആക്രമണം ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ദേശീയ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ ജില്ലകളിലും മലയോരജാഥ നടത്തിയതിന് പിന്നാലെയാണ് ഡൽഹിയിലെ പ്രതിഷേധം. മാർച്ചിൽ എംഎൽഎമാർ, ജില്ലാ അധ്യക്ഷൻമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
നാളെ കടൽ മണൽ ഖനന പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കേരളാ കോൺഗ്രസ് എം പാർലമെന്റ് മാർച്ച് നടത്തും.