പ്രതീകാത്മക ചിത്രം
ക്ലാസില്‍ ഉത്തരം തെറ്റിച്ച സഹപാഠികളെ ആഞ്ഞടിക്കാനായി ക്ലാസ് ലീഡര്‍ക്ക് നിര്‍ദേശം നല്‍കിയ അധ്യാപിക അറസ്റ്റില്‍. ഷിംലയില്‍ സര്‍ക്കാര്‍ സ്കൂളില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. പത്തുവയസുകാരിയായ ക്ലാസ് ലീഡറുടെ പരാതിയില്‍ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തു.
സംസ്കൃതവാക്കുകളുടെ അര്‍ത്ഥമെഴുതാനായി അധ്യാപിക ആവശ്യപ്പെടുകയും തെറ്റായ ഉത്തരമെഴുതിയ 12 കുട്ടികളെ അടിക്കാനായി ക്ലാസ് ലീഡര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ തന്റെ സുഹൃത്തുക്കളായ സഹപാഠികളെ അടിക്കാന്‍ മടിച്ചുനിന്ന ക്ലാസ് ലീഡര്‍ പെണ്‍കുട്ടി അധ്യാപികയുടെ ശകാരത്തെത്തുടര്‍ന്ന് പയ്യെ അടിക്കുകയായിരുന്നു. ഇതുകണ്ട് പ്രകോപിതയായ അധ്യാപിക ക്ലാസ് ലീഡറെ മര്‍ദിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. അതേസമയം ശരിയുത്തരം എഴുതിയ രണ്ട് കുട്ടികളെയും മര്‍ദിക്കാനായി അധ്യാപിക ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
മാതാപിതാക്കളോട് പരാതിപ്പെട്ടാലും തനിക്ക് പ്രശ്നമില്ലെന്നും ആര്‍ക്കും തന്നെയൊന്നും ചെയ്യാനാവില്ലെന്നും അധ്യാപിക പറഞ്ഞതായി പെണ്‍കുട്ടി മൊഴി നല്‍കി. മറ്റു കുട്ടികളില്‍ നിന്നും മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.