ഓടുന്ന ട്രെയിനില്‍ ചാടികയറാനുള്ള യാത്രക്കാരന്‍റെ ശ്രമത്തിതിനിടെ നായ റെയില്‍വെ ട്രാക്കിലേക്ക് വീണു. ജാന്‍സി റെയില്‍വെ സ്റ്റേഷനില്‍ രാജധാനി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. അപകടത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നീല ടിഷര്‍ട്ടും ജീന്‍സും ധരിച്ചയാള്‍ കയ്യില്‍ നായയുമായി വെപ്രാളത്തില്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതാണ് വിഡിയോ. ട്രെയിനിന്‍റെ സ്പീഡ് കൂടുന്നതിന് അനുസരിച്ച് നായ പരിഭ്രാന്തനാകുന്നതും കോച്ചിലേക്ക് ചാടാതെ ചെറുത്തു നില്‍ക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് നായ കാലിടറി പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രെയിനിന് ഇടയിലേക്ക് വീഴുകയായിരുന്നു.
26 സെക്കന്‍ഡുള്ള വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നായ ട്രാക്കിലേക്ക് വീണ ശേഷം യാത്രക്കാര്‍ ഓടികൂടുന്നത് വിഡിയോയില്‍ കാണാമെങ്കിലും നായയ്ക്ക് എന്ത് സംഭവിച്ചു എന്നത് വിഡിയോയിലില്ല.
നായയ്ക്ക് എന്ത് സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലുടനീളം ആളുകള്‍ അന്വേഷിക്കുന്നത്. 'നായ അപകടത്തെ അതിജീവിച്ചോ? എന്തുതരം മനുഷ്യരാണിത്' എന്നാണ് സൗഗത ചക്രവർത്തി എന്ന യൂസര്‍ എക്സില്‍ കമന്‍റിട്ടത്. നായ രക്ഷപ്പെട്ടു എന്ന കമന്‍റും വിഡിയോയ്ക്ക് താഴെയുണ്ട്. നായ ട്രെയിനിനും പാളത്തിനും ഇടയിലൂടെ നുഴഞ്ഞ് രക്ഷപ്പെട്ടു എന്നാണ് കമന്‍റില്‍ നിന്നുള്ള വിവരം.