railway-path

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം പാളത്തിൽ നിന്ന് രണ്ട് വീടുകളിലേക്കുള്ള ചവിട്ടുപടികൾ  റെയിൽവേ പൊളിച്ചുനീക്കി. ഒറ്റപ്പാലം ഉപ്പാമൂച്ചിക്കൽ അമൽ മനോജിന്‍റെ വീടുകളിലേക്കുള്ള വഴിയാണ് മുന്നറിയിപ്പു കൂടാതെ റെയിൽവേ നേരിട്ടു നീക്കിയത്. 

റെയിൽവേ ലൈൻ പരിസരത്തു നിന്നു താഴേക്കുള്ള കോൺക്രീറ്റ് പടികളാണു റെയിൽവേ പൊളിച്ചത്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണു നടപടിയെന്നാണു വിവരം. നിലവിൽ വലിയ വീട്ടിൽ താമസമില്ലെങ്കിലും ഇതിനോടു ചേർന്ന ചെറിയ വീട്ടിൽ വാടകക്കാരുണ്ട്. പോണ്ടിച്ചേരി സ്വദേശികളായ തൊഴിലാളി കുടുംബത്തിൻ്റെ വഴിയാണ് അടഞ്ഞത്. വീടുകളുടെ ഒരുവശത്ത് ഭാരതപ്പുഴയും മറുവശത്ത്റെയിൽപാളവുമാണെന്നിരിക്കെ പാളം മുറിച്ചുകടക്കുകയല്ലാതെ മറ്റ് വഴിയില്ല. കഴിഞ്ഞ ദിവസമാണ് മണ്ണുമാന്തി എത്തിച്ച് റെയിൽവേ കരാറുകാർ പടികൾ പൊളിച്ചുനീക്കിയത്.  പടികൾ റെയിൽവേ പുറംപോക്കിലാണെങ്കിലും വർഷങ്ങളായി ഉപയോഗിക്കുന്ന വഴി എന്ന നിലയിൽ നോട്ടീസ് പോലും നൽകിയിട്ടില്ല. 

പുഴയോരത്തായതിനാൽ 2018, 2019 ലെയും പ്രളയങ്ങളിലും 2024 ലെ കനത്ത മഴയിലും ഇവിടെ വെള്ളം കയറിയിരുന്നു. പ്രളയങ്ങൾക്കു ശേഷം കുടുംബം കണ്ണിയംപുറത്തെ ഫ്‌ളാറ്റിലേക്കു താമസം മാറിയതോടെയാണ് വലിയ വീട് പൂട്ടിയിട്ടത്. എങ്കിലും ഇടക്കു വീട്ടിൽ തങ്ങാറുണ്ട്. അതിഥികൾ എത്തുമ്പോൾ താമസം ഒരുക്കാറുള്ളതും ഇവിടെയാണ്.