ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് കരണ്‍ കുമാര്‍ വാല്‍മീകി എന്ന യുവാവ്. ശമ്പളം പ്രതിമാസം 15,000 രൂപ. കഴിഞ്ഞ ദിവസം യുവാവിന് നികുതിയടക്കാന്‍ ആവശ്യപ്പെട്ട് ഇന്‍കം ടാക്സില്‍ നിന്ന് ഒരു നോട്ടീസ് ലഭിച്ചു. നോട്ടീസിലെ തുക കണ്ട് വാല്‍മീകി ഞെട്ടിപ്പോയി. 33.88 കോടി രൂപയാണ് നികുതിയിനത്തില്‍ അടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്തുചെയ്യണമെന്ന് അറിയാതെ ഈ നോട്ടീസും കയ്യില്‍ പിടിച്ച് യുവാവും കുടുംബവും നേരെ ഇന്‍കം ടാക്സ് ഓഫീസില്‍ എത്തി. എന്നാല്‍ അവര്‍ പറഞ്ഞത് പൊലീസില്‍ പരാതിപ്പെടാനാണ്. പിന്നാലെ ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്ന കാര്യങ്ങളത്രയും പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്, പക്ഷേ എന്ത് നടപടിയുണ്ടാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത്രയും തുക നികുതിയിനത്തില്‍ വരാന്‍ മാത്രം വരുമാനമൊന്നുമില്ല. അടയ്ക്കാനും മാര്‍ഗമൊന്നുമില്ല എന്നാണ് യുവാവ് പറയുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ശുചീകരണ തൊഴിലാളിയായി കരണ്‍ കുമാര്‍ വാല്‍മീകി ജോലി ചെയ്യുന്നത്. മാര്‍ച്ച് 29നാണ് നോട്ടീസ് ലഭിച്ചത്. 33,88,85,368 രൂപ അടയ്ക്കണം, മാര്‍ച്ച് 31നകം മറുപടി വേണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇന്‍കം ടാക്സ് ഓഫീസില്‍ എത്തിയപ്പോള്‍ പൊലീസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയും യുവാവ് ഉന്നയിക്കുന്നു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത്തരം സംഭവങ്ങള്‍ പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു ജ്യൂസ് കടക്കാരന് 7.54 കോടി രൂപ നികുതിയടയ്ക്കാന്‍ നോട്ടീസ് കിട്ടി. ഒരു താക്കോൽപ്പണിക്കാരന് ലഭിച്ചതാകട്ടെ 11.11 കോടി രൂപ അടയ്ക്കാനുള്ള നോട്ടീസാണ്. അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്കായി സാധാരണക്കാരുടെ പാന്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ഇവരെല്ലാം ആവശ്യപ്പെടുന്നത്.