സിപിഎം നേതൃനിരയിലെ 75 വയസ് എന്ന പ്രായപരിധിയിൽ ഇളവ് വേണമെന്ന് പാർട്ടി കോൺഗ്രസിൽ വിവിധ സംസ്ഥാന ഘടകങ്ങൾ ആവശ്യപ്പെടും. പ്രായപരിധി കർശനമാക്കുന്നതിനോട് കേരള നേതാക്കളുടെ ഗ്രൂപ്പ് ചർച്ചയിലും വിയോജിപ്പ് ഉയർന്നു. പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിൽ സംഘടന റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഫെഡറലിസം ഇന്ത്യയുടെ ശക്തി എന്ന വിഷയത്തിലെ സെമിനാറിൽ വൈകീട്ട് പങ്കെടുക്കും.
75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കിയാൽ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും വൻ അഴിച്ചു പണി വേണ്ടിവരും. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് ഇളവ് നൽകും. എന്നാൽ ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, സുർജ്യകാന്ത മിശ്ര, ജി രാമകൃഷ്ണൻ എന്നിവർ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാക്കപ്പെടാൻ ഇടയുണ്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ എ.കെ ബാലനും പി.കെ ശ്രീമതിയും 75 പിന്നിട്ടവരാണ്.
പ്രായപരിധി കർശനമാക്കുന്നതിൽ പാർട്ടി കോൺഗ്രസിലെ ഗ്രൂപ്പ് ചർച്ചകളിൽ വിരുദ്ധാഭിപ്രായമുണ്ട്. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകളിൽ പ്രായപരിധി മാനദണ്ഡത്തിൽ ഭേദഗതി ആവശ്യപ്പെട്ടേക്കും. പ്രായപരിധി കഴിഞ്ഞാൽ നേതാക്കളോട് അവഗണന വേണെന്ന് സംഘടന റിപ്പോർട്ടിൽ നിർദേശമുണ്ട്. പ്രായപരിധി കഴിഞ്ഞ് ഒഴിവാക്കപ്പെടുന്നവർക്ക് പാർട്ടി ഘടകമോ, പ്രവർത്തന മേഖലയോ നിശ്ചയിച്ച് നൽകാത്ത സാഹചര്യങ്ങൾ ചില സംസ്ഥാന ഘടകങ്ങളിലുണ്ട്. ഇത് തിരുത്തപ്പെടണം. ചില സംസ്ഥാന സമിതികളിൽ പ്രത്യേക ക്ഷണിതാക്കളുടെ എണ്ണം കൂടുതലാണെന്നും സംഘടന റിപ്പോർട്ട് വിമർശിക്കുന്നു.
പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിൽ സംഘടനാ റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നു. സംഘടന റിപ്പോർട്ട് നാളെ അവതരിപ്പിക്കും