ലോക്സഭയിലെ വഖഫ് നിയമഭേഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ച് വിട്ടുനിന്ന് പ്രിയങ്ക ഗാന്ധി. പ്രയങ്ക വിദേശത്താണുള്ളത്. സഭയിലെത്തിയെങ്കിലും രാഹുല്‍ ഗാന്ധിയും സംസാരിച്ചില്ല. രാഹുലിനെ പിന്തുണച്ച് എം.വി.ഗോവിന്ദനും വിമര്‍ശിച്ച് എളമരം കരീമും രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചില്ല
വഖഫ് ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി തീരുമാനിക്കുകയും എം.പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് പ്രിയങ്കാഗാന്ധിയുടെ വിദേശയാത്ര. അസുഖബാധിതയായ അടുത്ത ബന്ധുവിനെ സന്ദർശിക്കാനാണ് പോയതെന്നും നേരത്തെ അറിയിച്ചിരുന്നു എന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്ന് എം.പിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയിട്ടും ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നു. കോണ്‍ഗ്രസില്‍നിന്ന് സംസാരിക്കുന്നവരുടെ പട്ടികയിലും രാഹുലിന്‍റെ പേരുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വം ചര്‍ച്ചയില്‍നിന്ന് മാറിനിന്നു എന്നാണ് വിലിയരുത്തല്‍. പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ നിന്ന് സി.പി.എം. അംഗങ്ങള്‍ സഭയിലെത്തി ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തപ്പോഴാണ് രാഹുലിന്‍റെയും പ്രിയങ്കയുടെയും ഒഴിഞ്ഞുമാറല്‍ എന്നതും എടുത്തുപറയണം. അതേസമയം സി.പി.എമ്മില്‍ ഇതുസംബന്ധിച്ച് ഭിന്നാഭിപ്രായമാണ്. രാഹുല്‍ സംസാരിക്കാത്തതിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞപ്പോള്‍ രാഹുല്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് എളമരം കരീം പ്രതികരിച്ചു. പ്രധാന നേതാക്കള്‍ സഭയിലെത്താത്ത് ആശങ്കപ്പെടുത്തുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ്